08 September, 2007

എന്‍റെ പ്രണയം




മേലെ, ഭൂമിക്കു നിറമിട്ട്
സൂര്യന്‍ തിളങ്ങി നിന്നെന്നെ നോക്കീ പുഞ്ചിരിച്ചൂ
താഴെ, കടലിന്‍ തിരയെണ്ണി
കാത്തിരുന്നൂ നിന്‍ കാല്‍ ചിലമ്പൊച്ച കേള്‍ക്കാന്‍
ചാരത്തു വന്നു നീ
ചേലൊത്തൊരു ചിരിയാലെന്നെയുണര്‍ത്തീ
ചഷകം തുളുമ്പും
പ്രണയത്തിന്‍ മധു നീ പകര്‍ന്നു തന്നൂ
ചാന്തു കുടഞ്ഞു
വസന്തം നിന്നെ മാടി വിളിച്ച നേരം
കനവും നിലാവും
ബാക്കിയാക്കി ദൂരെ നീ പറന്നു പോയീ
വരുമെന്നു നീ വീണ്ടും
ചൊല്ലിയതെല്ലെങ്കിലും, ദാഹിച്ചു ഞ്ഞാനേറെ കാത്തിരുന്നൂ
വസന്തവും ഗ്രീഷ്മവും
തളിര്‍ത്തും പൊഴിഞ്ഞും കാലമെത്ര കഴിഞ്ഞാലും
നിന്‍ സ്നേഹം നിന്‍ രൂപം
സിരകളില്‍ നിന്നൂര്‍ന്നു പോകുകില്ല......
വീണ്ടും,ചന്ദന ലേപം
വാനില്‍ ‍കോറിയിട്ട് സൂര്യന്‍ മെല്ലെ മിഴിയണച്ചൂ.......

07 September, 2007

ബസറയുടെ കണ്ണുനീര്‍


നീ പൊഴിച്ച കണ്ണുനീരൊക്കെയും
ചുവന്ന കവിളില്‍ കല്ലായുറച്ചുവോ
നിന്‍റെ രോദനങ്ങളീ ഊഷര ഭൂമിയില്‍
ഗദ്ഗ്ദങ്ങളായ് വരണ്ടുണങ്ങിയോ
നയനങ്ങള്‍ക്കു കുളിരിട്ട നിന്‍റെ കൈകള്‍
‍വാര്‍ദ്ധക്ക്യം സ്വയം വരിച്ചുവോ
ബസറയും കര്‍ബലയും വരച്ചിട്ട ചോരക്കീറുകള്‍
കൂടപ്പിറപ്പിന്‍റെ ഓര്‍മ്മകള്‍ ചുകപ്പിച്ചുവോ

ഒരുനാളീ മണല്‍ക്കാടുകള്‍ പാടും
ആരാച്ചാരുടെ തോക്കുകള്‍ വീണയായ് മീട്ടി
ചോര വാര്‍ന്നൊലിച്ചൊരോടകള്‍ ചൂടും
രക്ത വര്‍ണ്ണപ്പൂക്കളും ഈത്തപ്പനകളും
ഉയരുന്ന പുകപടലങ്ങള്‍ക്കുമപ്പുറം
വീശുംസുഗന്ധം തെളിമാനമായ്
നിന്‍റെ മുഖപടം ഇളം കാറ്റില്‍ വഴുതിയതല്ല,
ഇടം കയ്യാല്‍ കൂന്തലൊതുക്കി മെല്ലെ ചിരിച്ചതാകാം...

03 September, 2007

തേങ്ങല്‍





വര്‍ഷാരവത്തോടെ പെയ്തിറങ്ങിയ

നിറവാര്‍ന്ന മഴയില്‍ നിന്നടര്‍ന്നു

ചേമ്പിലയില്‍ പിടഞ്ഞു വീണ

മഴത്തുള്ളിയുടെ മനസ്സിന്‍ തേങ്ങല്‍,

ആള്‍ക്കൂട്ടത്തിലകപ്പെട്ട കൊച്ചു-

കുട്ടിയുടെ നിലവിളിപോലെ

കാതുകള്‍ക്കു മൂടുപടമിട്ടലിഞ്ഞു പോയി..