18 September, 2007

നീല നിലാവ്


നക്ഷത്രങ്ങളാല്‍ കൊലുസിട്ട വാനമൊരുദിനം
രാവിന്നു കൂട്ടേകി ചന്ദ്ര നീലിമ ചൊരിഞ്ഞൂ
ഇലകള്‍ക്കിടയിലൂടിറ്റിട്ടു വീണ പൊന്‍ പ്രഭ
മണ്ണിന്‍ മാറില്‍ മുത്തുകളേറെ വാരി വിതറി
കായലില്‍ വീണൊരു അമ്പിളിത്താലം
ഓളങ്ങളില്‍ പുളകമൊളിപ്പിച്ച് പ്രഭയൊഴുക്കീ
നിലാവ് തേടിയലഞ്ഞോരു തെന്നല്‍
ആടിയും പാടിയും ഇലകളിലിക്കിളിക്കൂട്ടി
നാണിച്ചു നിന്ന പൂമൊട്ടുകളിലോരൊന്നിലും നിലാവ്
ചുംബിച്ചു വിരിയിച്ചു മൊഹങ്ങളൊരായിരം
നിലാവും തെന്നലും കുഞ്ഞിലഞ്ഞിപ്പൂക്കളും
സ്വപ്ന സ്വര്‍ഗ്ഗം തീര്‍ത്തു ആരോരുമറിയാതെ
മഞ്ഞു കണങ്ങള്‍ മിഴിയിണ തുറക്കും മുമ്പേ
രാത്രി മുല്ല മൃദു സുഗന്ധം പരത്തീ ചെറു ചിരിയാലേ

16 September, 2007

രേഖകള്‍


ഊതിക്കാച്ചിയ വരികള്‍ക്കു താഴെ
ഒപ്പു ചാര്‍ത്തിയൊരു ജനതയെ തളച്ചു,
വാക്കുകളില്‍ നിറം ചാര്‍ത്തിയ ലേഖനം
മഞ്ഞച്ചിരടിലെ പൂത്താലിയാക്കി,
കണ്ണീരിനാലൊരു കഥയും കവിതയും
താമ്ര പത്രങ്ങളാക്കിയേറ്റു വാങ്ങി,
ദേശവും വര്‍ഗ്ഗവും ഭാഷക്കുമപ്പുറം
സ്നേഹ ഹംസമായ് പാറിപ്പറന്നു,
ചില്ലിട്ട മേശയില്‍ പുസ്തകച്ചാരേന്നു
ദൂരെ വലിച്ചെറിയപ്പെട്ടൊരന്ത്യം,
മഷികഴിഞ്ഞൊരു പേനക്കു വേറെന്തു സ്ഥാനം
വരച്ചിട്ടതൊന്നും ജലരേഖയല്ലെങ്കിലും.............