26 November, 2007

നന്ദി.......ഗ്രാമമേ

കുടികിടപ്പിന്‍റെ വേരു പിഴുതെടുത്തിടത്ത്-
വിവര സങ്കേതത്തിന്‍റെ ഭാരമുള്ള തറക്കല്ല്,
വേരു പൊട്ടിയ ജീവന്‍റെ, പകുത്തു കിട്ടിയ
വിയര്‍പ്പുനാറ്റവുംപേറി,കോലംകെട്ട കോലങ്ങള്‍
വറുതിക്കറുതിയുടെ വിപ്ലവസ്മൃതിയിലാഴവേ
വെറുതെയൊലിപ്പിച്ച ചോരയും വിയര്‍പ്പും ബാക്കി
പിറന്നമണ്ണിന്‍ പൊക്കിള്‍ക്കൊടിയറുത്തെറിഞ്ഞ്
പുനര്‍ജനി തേടിയിടത്ത് വരത്തനായവന്‍റെ വ്യഥ.
തിരികെ നടക്കുവാന്‍ മടിച്ചവന്‍റെ നെഞ്ചില്‍
കുത്തിയിറക്കിയ കുന്തമുനയുടെ നാടേ വിട..
തണലിട്ട മരവും കുളിരിട്ട പുഴയും കിളിപ്പാട്ടും
ബാക്കിയീ നെഞ്ചിലെങ്കിലും വേണമീ പാലായനം.
ചുവന്നചുവരില്‍ തെറിച്ച ചോരത്തുള്ളിയുടെ
നിറവും ഗുണവുമറിയില്ലൊരാളും ഒരിക്കലും
സമത്വമെന്നയെന്‍റെ ഉട്ടോപ്പിയ, ചങ്കറുത്തൊഴുക്കിയ
നിണത്തിലെങ്കിലും ചാലിച്ച എന്‍റെ ഗ്രാമമേ നന്ദി..