21 June, 2013

ജപ്തി

കോരിച്ചൊരിയുന്ന മഴയത്ത്
നനയാതിരിക്കാനൊരു പെരുമഴ
തല കുനിച്ചെന്റെ കൂരയിൽ
കയറി നിന്ന നേരം
ഒലിച്ചു പോയതാണെന്റെ
ഓലപ്പുരയെന്ന് നുണ പറഞ്ഞതാണ്.

ഇടക്ക് വന്നൊരു ചാറ്റൽമഴ
ഇരു വട്ടം പറഞ്ഞതാണ്
നാളെയാണ് നിന്റെ കുടിലിൽ
ജപ്തി നടപടിയെന്ന്..
പിന്നാലെ പോയൊരു ചെറുകാറ്റ്‌
ഓർമ്മിപ്പിച്ചു പോയതാണ്
സ്വമേധേയ ഇറങ്ങിപ്പോകണമെന്ന്

ഇറങ്ങിപ്പോകാൻ ഇറങ്ങിയതാണ്
തല്ലിയലച്ചു പെയ്ത മഴ
കൂനിക്കൂട്ടി ഇറയത്തിരുത്തി  പോയി
ഇടക്ക് പിന്നെയും ഒരു പിടിവാശി
ഒടിഞ്ഞു തൂങ്ങിയ മേശയിൽ
മുറുകെ പിടിച്ചിരുത്തി.

എല്ലാം ശമിച്ചെന്നു നിനച്ചൊരു മാത്രയിൽ
മിന്നലാണെന്റെ വീട് ചൂണ്ടിക്കൊടുത്തത്
ഒരിടിവെട്ട് വടക്കേ ചെന്തെങ്ങിൽ
അടയാളം വെച്ചെന്നു വരുത്തി
തുള്ളിക്കൊരു കുടം ചൊരിഞ്ഞ്
ആർത്തലച്ചൊരു മഴ
കുടിൽ ജപ്തി കഴിഞ്ഞു മടങ്ങി.

നിയമങ്ങളിലെ പഴുതുപോലെ
സുഷിരങ്ങളിട്ടാണ് മഴ പെയ്തത്
വിടവകത്തി മേയ്യോടോട്ടിയ
മൂന്നു ജീവനെ ഇല്ലം കടത്തി
ഞാനും വാഴപ്പിണ്ടി പോലെ..

അതൊരു മഴക്കാലമായിരുന്നു
വീട് മേയാത്തതിനു,
പുരയ്ക്ക് തറയിടാത്തത്തിനു
ചുമരു കളിമണ്ണ് തേക്കാത്തതിനു
വേറെയും കുറെ വീടുകൾ
രാത്രിമഴ ജപ്തി ചെയ്തുവത്രെ.