11 February, 2010

ഒരിറ്റു നോവ്

കാലം മുഖം മിനുക്കുകയായിരുന്നു..
മേഘങ്ങളെ വര്‍ഷിക്കാനയച്ച്,
പുഴകളില്‍ പുളകമൊളിപ്പിച്ച്,
കിളികളില്‍ ചിറകു വിരിയിച്ച്,
പൂക്കളിലൊരു വസന്തം വിടര്‍ത്തി,
ഓര്‍മ്മകളെ പിന്നോട്ട് വകഞ്ഞ്..

വിയര്‍ത്തൊലിച്ചൊരു ഉള്ളുരുക്കം
തണലുകായാന്‍ നെറ്റിചുളിക്കുമ്പോള്‍
ഒരു ചെറുകാറ്റില്‍ വിയര്‍പ്പൊപ്പി
വേനല്‍ മെല്ലെ നെറ്റിമേല്‍ കൈവെച്ച്
വെയിലായ് പടിഞ്ഞാറോട്ട് ചായുന്നു
ഉള്ളിലൊരു ചെറു നനവ് കൊരുത്ത്..

കുളിച്ചൊരുങ്ങി പിന്നെയും തുളുമ്പി
പുല്ലിലൊരു തുള്ളി പുഴയിലൊരു തുടം
മനസ്സിലൊരു കുടം കോരിച്ചൊരിഞ്ഞ്
വാഴയിലച്ചോട്ടിലെ കുളിരായ്
ഒലിച്ചുപോയ കടലാസു തോണിയേറി
നെഞ്ചിലൊരു തുള്ളി ചൂടിറ്റിച്ച്...

ഇലപൊഴിച്ച് കാലം നഷ്ടമണിഞ്ഞു..
മഴ നെഞ്ചിലൊളിപ്പിച്ച ഇറ്റുചൂടില്‍
വെയില്‍ ചങ്കില്‍ കൊരുത്ത നനവില്‍
മഞ്ഞുകാലത്തിന്‍റെ നല്ലയോര്‍മ്മയില്‍
തിമിരമൊരു കാഴ്ച്ച കാണുകയാണ്
മെഴുക്കുപുരണ്ടൊരു കണ്ണാടിക്കാഴ്ച്ച

2 Comments:

kambarRm said...

ഇലപൊഴിച്ച് കാലം നഷ്ടമണിഞ്ഞു..
മഴ നെഞ്ചിലൊളിപ്പിച്ച ഇറ്റുചൂടില്‍
വെയില്‍ ചങ്കില്‍ കൊരുത്ത നനവില്‍
മഞ്ഞുകാലത്തിന്‍റെ നല്ലയോര്‍മ്മയില്‍
തിമിരമൊരു കാഴ്ച്ച കാണുകയാണ്
മെഴുക്കുപുരണ്ടൊരു കണ്ണാടിക്കാഴ്ച്ച

അങ്ങെനെ തന്നെ മാഷേ,.....
ആ തിമിര ക്കാഴ്ചകൾ എല്ലാം ആവർത്തനങ്ങളാകുന്നല്ലോ...എന്ന സങ്കടം മാത്രം..,
നന്നായിരുന്നു.. കീപ്പിറ്റ്‌ അപ്‌

sony said...

good.
where are you at Irinjalakkuda?