ദാരിദ്ര്യത്തിന്റെ ഉച്ചകളിൽ
നേർച്ചയുടെ അപാരതകളിൽ
ഉള്ളുരുക്കത്തിന്റെ
നേർത്ത പ്രാർത്ഥനകളിൽ
ഓത്തു കുട്ടികൾ
വേനൽമഴ പോലെ
ഉച്ചയൂണിന് ക്ഷണിക്കപ്പെടും..
ഉറുമ്പുകളുടെ
സഞ്ചാരപഥത്തോളം
ഒരൊറ്റവരിയിൽ തിടുക്കപ്പെട്ട്
കുതിരകളുടെ
കുളമ്പടിയോളം
പലവേഗത്തിൽ സാവധാനം
ഒത്തുകുട്ടികൾ
ഇടവഴി കടന്നുപോകും..
വയറും മനസ്സും നിറച്ചേ
ഓരോ വീടും വിടരും
തമ്പുരാന്റെ
കണക്ക് പുസ്തകത്തിൽ
അടായാളപ്പെടൂ..
ഓരോ പിടിച്ചോറിലും
സ്നേഹം ചേർത്ത്
ഓരോ വീടും കൂട്ടിരിക്കും..
തിരികെ വീട്ടിലെത്തുമ്പോൾ
വിഭവങ്ങളുടെ
രുചി രേഖപ്പെടുത്തിടും..
ഒരു ചമ്മന്തിയിൽ
വിശപ്പടക്കിയ ഉമ്മമനസ്സ്
കേട്ടുകേട്ട് പുഞ്ചിരിക്കും..
ഉമ്മമാരുടെ പുഞ്ചിരി
ഓരോ പ്രാർത്ഥനയാണ്,
തമ്പുരാന്റെ
കണക്ക് പുസ്തകത്തിൽ
നേർച്ചകൾ വരവ് വെക്കുന്നത്
അപ്പോൾ മാത്രമാകും,
അതുകൊണ്ടാകണം
ഓരോ ചോറൈത്തും
രേഖപ്പെടുമ്പോൾ
ഒരുകൂട്ടം പുഞ്ചിരികൾ
കൂടെ രേഖപ്പെട്ട് പോകുന്നത്..