അറിവിന്‍റെ വിദൂര പാതകളില്‍,
തിരിച്ചറിവിന്‍റെ നിറം കുടഞ്ഞ ഗുരുനാഥാ.....
കാഴ്ചയുടെ വ്യാകുല നാളുകള്‍ക്ക്
ഉള്‍ക്കാഴ്ചയുടെ മിഴിവ് നല്‍കിയ ഗുരുവേ..
പ്രതീതിയാഥാര്‍ത്ഥ്യത്തിന്‍റെ ഇരുളില്‍ നിന്നും
യാഥാര്‍ത്ഥ്യത്തിന്‍റെ വെളിച്ചമേകിയില്ലേ
വിറയാര്‍ന്ന കൈകളാല്‍ നെഞ്ചിലമര്‍ന്ന നേരം
ഹൃദയമിടിപ്പിന്‍റെ രണ്ടു താളവുമൊന്നായതറിഞ്ഞൂ
പാതിയണഞ്ഞ മിഴികളില്‍ ഞാന്‍ തെളിഞ്ഞ നേരം
പൊഴിഞ്ഞ അശ്രുകണങ്ങളെന്നെ പരിശുദ്ധനാക്കിയോ
മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്ന്യം
മിഴിവിനും വെളിച്ചത്തിനും നല്ല കാല്‍പാടിനുമപ്പുറം
എന്നെ ഞാനാക്കിയ നല്ല വഴികാട്ടിക്ക് പ്രണാമം