ഷാനിബ..മാപ്പിളപ്പാട്ടിലെ നായികയല്ല
ഹാജറ.. കത്ത് പാട്ടിലെ വീടരല്ല
നാജിയ..ആരുടേയും പ്രണയിനിയല്ലിവള്‍
കിണര്‍ വെള്ളം വറ്റിവരളുവോളം
മുത്തലാക്കേറ്റു പിടഞ്ഞു വീണവള്‍
നനവിന്റെ കോള്‍പ്പാടം അരികിലായിരുന്നിട്ടും
പച്ചപ്പിന്റെ ഒരു പൊട്ടും ബാക്കിയാവാതെ
വിധവയാക്കപ്പെട്ടവള്‍ ....ഷാനിബ.
തളിര്‍ ചില്ലകളില്‍ തീ കോരിയിട്ട്
തലാക്കിന്റെ തീക്കട്ടയാല്‍ ഉരുകിയവള്‍
തണലുള്ള തായ് വൃക്ഷമായിരുന്നിട്ടും
നിഴലിനെ പോലും കൂട്ടിനു കിട്ടാതെ
കൂട്ട് നഷ്ടപ്പെട്ടവള്‍ ...ഹാജറ.
തറവാട്ടുതറയെ നെടുകെ പിളര്‍ത്തി
മൊഴി ചൊല്ലലിന്റെ രാവിലൊറ്റപ്പെട്ടവള്‍
അകത്തളങ്ങളില്‍ ഒരു നീരുറവ കാത്തിട്ടും
കണ്ണുനീരിന്‍ അണക്കെട്ട് തകര്‍ന്ന്
ഏതോ തുരുത്തിലകപ്പെട്ടവള്‍ ..നാജിയ.
നീയൊരു ത്വലാക്ക് സ്ഫടികമല്ല ഉടയാന്‍
വരണ്ട കിണറും കരിഞ്ഞ മരത്തലപ്പും
വാക്ക് പിളര്‍ത്തിയ കരിങ്കല്ലും
അവനില്‍ പെയ്യാനിരിക്കുമ്പോള്‍
പോത്തിറച്ചിപ്പാട്ടിലെ നാരിമാത്രമായ്
നീ സ്വയം ഉടയാതിരിക്കണം.
*ത്വലാക്ക് .. മതപരമായ ഡിവേഴ്സ്
09 October, 2012
ത്വലാക്ക്
Posted by ഫസല്‍ ബിനാലി.. at 10/09/2012 11:45:00 am
Subscribe to:
Post Comments (Atom)
1 Comment:
''പോത്തിറച്ചിപ്പാട്ടിലെ നാരിമാത്രമായ്
നീ സ്വയം ഉടയാതിരിക്കണം.''
good poem
Post a Comment