നിന്നെ വരച്ചു തുടങ്ങിയിരിക്കുന്നു..
നിന്‍റെ മിഴിയിലെ വിഷാദവും
തുളുമ്പാന്‍ വെമ്പുന്ന ആര്‍ദ്ര ഭാവങ്ങളും
വരച്ചു തീര്‍ക്കാനെന്‍റെ
നിറക്കൂട്ടുകള്‍ പോരാതെ വരുന്നു.
വെളിച്ചത്തിന്‍റെ ഭാവഭേദങ്ങള്‍
നിന്‍റെ മിഴിയോരങ്ങളില്‍
വര്‍ണ്ണങ്ങളുടെ പീലിക്കുട
മാറ്റിയും മറിച്ചും വിടര്‍ത്തിയാടുന്നു.
വികാരങ്ങളില്‍ നിന്‍ മുഖഭാവം
പകര്‍ത്താനെന്‍റെ നിറക്കൂട്ടുകള്‍
ഇല്ലെന്നായ നേരം ഞാനെന്‍റെയുള്ളിലെ
നിറകുടം കമഴ്ത്തിക്കളഞ്ഞതും...
ഋതു ഭേദങ്ങള്‍ നിന്‍റെ
മാന്തളിര്‍ നിര്‍മ്മല മേനിയില്‍
കൊത്തിയിട്ട മാറ്റങ്ങള്‍ കാണാനെനിക്കായില്ല
കാലമെന്‍റെ മിഴികളില്‍
തിമിരം വരഞ്ഞിരിക്കാം....
ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്‍റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്‍റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്‍റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?