07 August, 2008

സ്നേഹിക്കാന്‍ മറന്നവര്‍..




കരുതിവെച്ച സ്നേഹം
പകര്‍ന്നു നല്‍കാന്‍
തേടിയലഞ്ഞ ശുഭമുഹൂര്‍ത്തം
വന്നണയും മുമ്പേ
താക്കോല്‍ കളഞ്ഞുപോയ
ഖജനാവിന്‍ ഉടയോന്‍റെ
പരവേശവും നിലവിളിയും
ആര്‍ത്തലച്ചു വന്ന
കടലിന്‍ ഇരമ്പലില്‍
അലിഞ്ഞ് തീരും മുമ്പേ..
ഒരു തിര കോരിച്ചൊരിഞ്ഞത്
മണലുകലക്കിയ ഉപ്പുവെള്ളം.

കരുതലുകള്‍ നഷ്ടപ്പെട്ട്
നടുക്കടലിലകപ്പെട്ട്
ഉപ്പുവെള്ളത്തിന്‍റെ മത്തില്‍
കൈവിട്ട തോണിപ്പലക
പിടഞ്ഞു പോയത്
ആഴിയും തോണിയും
പങ്കുവെച്ച സ്നേഹമായിരുന്നു,
പകുത്തെടുത്ത സ്വപ്നങ്ങളായിരുന്നു,
കൊടുത്തു വാങ്ങിയ ആദിയായിരുന്നു.

കാത്തുവെപ്പിന്‍റെയണക്കെട്ട്
തുറന്നു വിടാനായിരുന്നെങ്കില്‍
അടച്ചിട്ടു വെക്കാന്‍
താഴുകളില്ലായിരുന്നെങ്കില്‍
എന്‍റെയുള്ളിലെ സ്നേഹഭൂമി
തരിശല്ലായിരുന്നെന്ന്
അതുവഴി കറ്റയേറ്റിപ്പോയ
കൊയ്ത്തുകാരെങ്കിലും
അറിഞ്ഞുപോയേനെ..

അന്ധകാരത്തിലകപ്പെട്ട
കാഴ്ച്ചക്കാരന്‍റെ കാഴ്ച്ചയും
അന്ധന്‍റെ ഉള്‍ക്കാഴ്ച്ചയും,
സ്നേഹം കാത്തുവെച്ച മനസ്സും
തേടിയലഞ്ഞ മനസ്സുകളും,
ദൂരമേറെയായിരുന്നോ
കടലിന്‍ ഇരുകരയോളം..

പുലരിയുടെ കിളിക്കൊഞ്ചലില്‍
കേള്‍ക്കാതെ പോയതല്ല,
നട്ടുച്ചയുടെ മഹാമൌനം
ചുണ്ടില്‍ വിരല്‍വെച്ചതല്ല,
അസ്തമയങ്ങളിലെ ചുവപ്പ്
അതിരിട്ട് തടുത്തതല്ല,
വാള്‍ത്തലപ്പിന്‍ തിളക്കം
രാമറയില്‍ ഭയപ്പെടുത്തിയതല്ല,
എവിടെയാണ്‍ പിഴച്ചത്..
എന്‍റെയുള്ളിലെ സ്നേഹം
പകര്‍ന്നു നല്‍കാനാകാതെ
ഏതു മഞ്ഞിലാണുറഞ്ഞു പോയത്...


19 Comments:

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു
ഈ സ്നേഹാക്ഷരങ്ങള്‍!

smitha adharsh said...

സ്നേഹം മൂടി വയ്ക്കാനുള്ളതല്ല...തുറന്നു വിടൂ..സ്നേഹം പറന്നു നടന്നു എല്ലായിടത്തും വ്യാപിക്കട്ടെ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

I like this poem very much.Some extraordinary feelings!!!

Congrats

നരിക്കുന്നൻ said...

മനസ്സിലൂടെ ഒലിച്ചിറങ്ങുന്ന സ്നേഹത്തിന്റെ ഭാഷ. ഒരു മഞ്ഞ് കണത്തിലും ഉറഞ്ഞ് പോകാതെ ഹ്ര്ഹ്ദയത്തിലേക്ക് വീശിയടിക്കുന്ന സ്നേഹാക്ഷരങ്ങള്‍..

CHANTHU said...

"അന്ധകാരത്തിലകപ്പെട്ട
കാഴ്ച്ചക്കാരന്‍റെ കാഴ്ച്ചയും
അന്ധന്‍റെ ഉള്‍ക്കാഴ്ച്ചയും,
സ്നേഹം കാത്തുവെച്ച മനസ്സും
തേടിയലഞ്ഞ മനസ്സുകളും,
ദൂരമേറെയായിരുന്നോ
കടലിന്‍ ഇരുകരയോളം.."

ഫസല്‍, ഇഷ്ടത്തോടെ വായിച്ചു. വ്യഥയിറ്റുന്ന വാക്കുകള്‍ക്ക്‌ നന്ദി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"നട്ടുച്ചയുടെ മഹാമൌനം
ചുണ്ടില്‍ വിരല്‍വെച്ചതല്ല,
അസ്തമയങ്ങളിലെ ചുവപ്പ്
അതിരിട്ട് തടുത്തതല്ല,
വാള്‍ത്തലപ്പിന്‍ തിളക്കം
രാമറയില്‍ ഭയപ്പെടുത്തിയതല്ല,"
nalla varikaL!!

mmrwrites said...

സ്നേഹം കാത്തുവെച്ച അണക്കെട്ടു തുറന്നു വിട്ടില്ല..
ഇപ്പോ പൊട്ടിയൊഴുകിയില്ലേ..
നന്നായിട്ടുണ്ട്

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

420 said...

ഫസലേ..,
കവിത ശക്തം.

ബഷീർ said...

താങ്കളുടെ കവിതകള്‍ പേറുന്ന ആശയത്തെ കീറി വിശകലനം ചെയ്യാനുള്ള ഉള്‍ക്കാഴ്ചയില്ലാത്തതിനാല്‍, ഇഷ്ടമായെന്ന് മാത്രം പറയട്ടെ..

ഓരോ വരികളും ശ്രദ്ധയോടെ വായിച്ചു..

OAB/ഒഎബി said...

ഞാ‍നും വായിച്ചു. കൂടുതല്‍ പറയാന്‍ എനിക്കുമറിയില്ല. നന്നായി തോന്നി. അത്ര മാത്രം.

PIN said...

നന്നായിരിക്കുന്നു.
അവതരണ രീതിയും ഭംഗിയായിട്ടുണ്ട്‌..
ആശംസകൾ...

Anonymous said...

i like......

Shooting star - ഷിഹാബ് said...

really great fazal.. great job.

High Power Rocketry said...

: )

Kalidas Pavithran said...

നന്നായിരിക്കുന്നു

joice samuel said...

:)

അപർണ said...

വളരെ നന്നായി...സ്നേഹത്തിന്റെ ഭാഷ.... :)

B Shihab said...

ഫസല്‍
കവിത നന്നായി.................
സ്നേഹം തീക്ഷണമാണ്................അല്ലെ?
ആശംസകള്‍