01 August, 2009

തിണ്ണബലം


പീടികത്തിണ്ണ
പൊട്ടക്കിണറാണെന്ന്
ചങ്ങാതിയെന്നും പറയുമായിരുന്നു.
ആര്‍ക്കുമതു തള്ളാം,
ഒരു ചിരിച്ചു തള്ളല്‍, ചിരിക്കാതേയും.
ചര്‍ച്ചകളുടെ ആഴവും പരപ്പും
പിന്നെ എണ്ണവും
ആരുടെ തിണ്ണമിടുക്കും
തകര്‍ത്തെറിയും.
പീടികക്കാരന്‍ കാദര്‍ക്ക,
കൂലിപ്പണിക്കാരന്‍ ശങ്കുരു
ചെത്തുകാരന്‍ ശശിച്ചേട്ടന്‍
ഒരു ഗ്രാമത്തെ വലിച്ചു പിടിച്ചവര്‍.
ചെത്തുകാരന്‍റെ ഉയര്‍ന്ന ചിന്ത,
കൂലിപ്പണിയുടെ തീക്ഷ്ണത,
വ്യാപാരത്തിന്‍റെ തിട്ടൂരം
ചന്ദ്ര ദൌത്യത്തിലെ ന്യൂനത
നന്ദിനിപ്പശുവിന്‍റെ മൂന്നാം പേര്‍
ഇവക്കിടക്ക് വട്ടത്തിലും നീളത്തിലും
അതിനു മേലെയും താഴെയും.
തിണ്ണയൊരു നീതിപീഠമാകാറുണ്ട്,
ഇടക്കെപ്പെഴോ കച്ചേരിയും
മീനാക്ഷിയുടെ അടുക്കളയോളം
ഇടക്കത് തികട്ടിയെത്താറുണ്ട്.
മുറിക്കിച്ചുവപ്പിച്ച ചുണ്ടും
കാളിമയിട്ട പല്ലുമായ്
കൂലിപ്പണിക്കാരി ലീല,
സ്ത്രീ സംവരണമേതുമില്ലാതെ
ഇടവേളകളെ കൂട്ടി വിളക്കുമ്പോള്‍
ദ്വയാര്‍ത്ഥങ്ങളും നീല സാഗര മിഴികളും
തിണ്ണയില്‍ തലപൊക്കുന്ന
ഗ്രഹണാനന്തര ഞാഞ്ഞൂലുകളാണ്.
നാട് വിടും വരെ നാട്ടുകാര്‍ക്കെല്ലാം
തിണ്ണ സര്‍വ്വകലാശാലയാണ്.
നാട്‌വിട്ട് ലോകം കണ്ട് പകച്ച
തിണ്ണയുടെ പുത്രന്‍
ന്യായവിധികള്‍ എണ്ണിക്കൂട്ടുകയാണ്
തവളയെപ്പിടിച്ച്
എണ്ണം വെച്ചപോലെ..

18 Comments:

ഫസല്‍ ബിനാലി.. said...

കവിതയെന്ന പേരില്‍ ഇത് പോസ്റ്റ് ചയ്ത എന്‍റെ തിണ്ണമിടുക്കിനോട് കടപ്പാട്.

chithrakaran:ചിത്രകാരന്‍ said...

തിണ്ണമിടുക്ക് എന്ന പദം ഫസല്‍ മനസ്സിലാക്കിയ അര്‍ത്ഥത്തിലല്ല ഉപയോഗിക്കപ്പെടുന്നതെന്നു തോന്നുന്നു.
ഫസല്‍ ഉദ്ദേശിച്ചത് ഗ്രാമ്യമായ തിണ്ണയുടെ ജനകീയ സ്ഥാനമായിരിക്കണം. ആ അര്‍ഥത്തില്‍ തിണ്ണ സൌഹൃദങ്ങളുടേയും, സാഹോദര്യത്തിന്റേയും,കൂട്ടയ്മയുടേയും,പങ്കുവക്കലിന്റേയും,ഗ്രാമ്യമായ കലകളുടേയും വേദിയാണ്. തീര്‍ച്ചയായും അത് മഹത്തരമാണ്.

എന്നാല്‍, തിണ്ണമിടുക്ക് എന്ന പ്രയോഗത്തിലൂടെ വിവക്ഷിക്കപ്പെടുന്ന അര്‍ത്ഥം അത്ര നല്ലതല്ല. യജമാനന്റെ തിണ്ണയില്‍ വിധേയനായി, പിച്ചയായി കിട്ടുന്ന ഭക്ഷണത്തിന്റെ കൂറു കാണിക്കാന്‍ യജമാനന്റെ ശത്രുക്കളെ സ്വന്തം ശത്രുക്കളായി തിരിച്ചറിഞ്ഞ് കൂലിത്തല്ല് നടത്തുന്ന,സുഖിപ്പിക്കാന്‍ മുഖസ്തുതി പറയുന്ന...കുടിലതയേറിയ ഒരു പഴയ മാടംബിവ്യവസ്ഥയുടെ അഴുക്കു പുരണ്ട വാക്കാണെന്നു തോന്നുന്നു തിണ്ണമിടുക്ക്.

Unknown said...

പീടികക്കാരന്‍ കാദര്‍ക്ക,
കൂലിപ്പണിക്കാരന്‍ ശങ്കുരു
ചെത്തുകാരന്‍ ശശിച്ചേട്ടന്‍
ഒരു ഗ്രാമത്തെ വലിച്ചു പിടിച്ചവര്‍.
ചെത്തുകാരന്‍റെ ഉയര്‍ന്ന ചിന്ത,
എവിടെയോ നഷ്ടമായ വേദനയാണോ ഇത് എനിക്ക് അങ്ങനെ തോന്നി പോകുന്നു ഫസൽ

ഫസല്‍ ബിനാലി.. said...

ചിത്രകാരന്‍റെ അഭിപ്രായത്തിനും നിറഞ്ഞ കമന്‍റിനും നന്ദി. ഇന്നത്തെപ്പോലെ ഗ്രാമസഭകള്‍ നിലവില്‍ വരുന്നതിനു മുമ്പുള്ള ഒരു വ്യ്വസ്ഥയാണ്‍ ഉദ്ദേശിച്ചത്. അതില്‍ വേണ്ടതും വേണ്ടാത്തതും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്, പുറം ലോകവുമായി അത്രയധികം ബന്ധമില്ലാത്ത നാട്ടുകാരന്‍റെ ജീവ്താനുഭവത്തിലെ അറിവും ഒരു ദിവസം കൊണ്ട് അല്ലെങ്കില്‍ കുറച്ചു വര്‍ഷം കൊണ്ട് താനറിഞ്ഞതല്ല യഥാര്‍ത്ഥ് അറിവെന്ന പുറം ലോകവുമായി ബന്ധപ്പെട്ടവന്‍റെ തിരിച്ചറിവും ഇതില്‍ പ്രകാശിപ്പികാന്‍ ശ്രമിച്ചിട്ടുണ്ട്, പരാജയപ്പെട്ടിരിക്കാം. തിണ്ണമിടുക്ക് എന്ന തലക്കെട്ട് ഇതിന്‍ യോജിച്ചതായില്ല എന്ന് പോസ്റ്റ് ചെയ്യുമ്പോഴേ സംശയിച്ചിരുന്നു, ആ സംശയം ബലപ്പെട്ടിരിക്കുന്നു.
എന്‍റെ ആദ്യ കമന്‍റിലെ തിണ്ണമിടുക്ക് പ്രയോഗം മറ്റൊരു തരത്തിലാണ്‍ ഞാന്‍ ഉദ്ദേശിച്ചത്, അതായത് ഇതൊരു അടയാളങ്ങള്‍ നിറഞ്ഞ കവിതയല്ലെന്നും ആരേയുമ്
്‌ ആസ്വാദനത്തിന്‍റെ വഴിയിലേക്ക് നയികില്ലെന്നും അറിഞ്ഞിട്ടും ഒരു കവിതയായി പോസ്റ്റ് ചെയ്യാനുള്ള എന്‍റെ അഹങ്കാരവും എന്‍റെ പോസ്റ്റിലേ ഇത് നടക്കൂ(അതെന്‍റെ തിണ്ണമിടുക്ക്) എന്ന തിരിച്ചറിവുമാണ്.

തീര്‍ച്ചയായും അനൂപ്
പ്രതികരണത്തിനു നന്ദി

മരുപ്പച്ച | Maruppacha said...

നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ്‌ ചെയ്യുക..
http://www.maruppacha.com/

കണ്ണനുണ്ണി said...

സത്യം ആണ് ട്ടോ...
തിണ്ണയ്ക്കു നാട്ടിന്പുരതെന്കിലും പ്രാധാന്യം ഒരുപാടുണ്ട്

the man to walk with said...

:)

കാസിം തങ്ങള്‍ said...

തിണ്ണക്കയവിറക്കാന്‍ ഇങ്ങനെ എന്തെല്ലാം ഓര്‍മകള്‍ ലേ........

khader patteppadam said...

കടത്തിണ്ണ പലപ്പോഴും കലാശാലയാകാം, ചിലപ്പോഴൊക്കെ കള്ളുഷാപ്പും.

സജി കറ്റുവട്ടിപ്പണ said...

ഫസൽ,

തിണ്ണമിടുക്കിനു നമ്മുടെ നാട്ടീൽ ഇപ്പോൾ അർത്ഥം സ്വന്തം സ്വാ‍ധീനമേഖലകളിൽ വച്ച് അല്പം കയ്യൂക്കിന്റെയും ആൾബലത്തിന്റെയും ബലത്തിൽ മറ്റുള്ളവർക്കുമേൽ അന്യായം പ്രവർത്തിക്കുന്നതിനെയാണ്.എന്നാൽ എതിർപക്ഷം തന്നേക്കാൾ ശക്തരാനെന്നു തിരിച്ചറിഞ്ഞാൽ അതിനു മുതിരുകയുമില്ല.

ഫസലിന്റെ കവിതയ്ക്കു കുഴപ്പമൊന്നുമില്ല.നിരൂപണബുദ്ധ്യാ പരിശോധിയ്ക്കുമ്പോൾ ഏതു ഉൽകൃഷ്ടകൃതിയിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകും. വെട്ടാനും തിരുത്താനും എഴുത്തുകാരനല്ലാതെ മറ്റൊരാളില്ലാത്ത ബ്ലോഗിംഗിൽ സ്വാഭാവികമായും എഴുത്തിനു ചില പരിമിതികൾ ഉണ്ടെന്നു വേണമെങ്കിൽ ആരോപിയ്ക്കാം.എന്റെ അഭിപ്രായത്തിൽ ആസ്വദിയ്ക്കാനും ചിന്തിയ്ക്കാനും കഴിയുന്ന വരികൾ കോറിയിട്ടാൽ- എല്ലാവരികളും മികച്ചതല്ലെങ്കിലും- അതു സാഹിത്യം തന്നെ!
അതുകൊണ്ടു ഫസലേ, എഴുതുക ചുമ്മാ അങ്ങൊട്ടു പോസ്റ്റുക.എഴുത്ത് എത്രയും മെച്ചപ്പെടുത്താൻ ശ്രമിയ്ക്കുന്നത് കൂടുതൽ നല്ല സൃഷ്ടിയ്ക്കിടനൽകും എന്നതു മറക്കുന്നുമില്ല.

Basheer Vallikkunnu said...

വന്നു കണ്ടു ഇഷ്ടപ്പെട്ടു..

സബിതാബാല said...

ഇതിത്തിരി മിടുക്കുതന്നെ...സമ്മതിച്ചു...നന്നായി..

Koonanurumpu said...

ഇത് പഴയകാല ഒരുമകളുടെ ഒരു തിന്നമിടുക്ക് എന്ന് പറയാം . ഈ തിന്നമിടുക്ക് കൂടുതല്ലയും പ്രവാസികളില്‍ ആണ് ഉള്ളട്. നാടും വീടും വിറ്റു നില്കുമ്പോ കഴിഞ്ഞ കാലമത്രയും വസന്ത കാലം എന്നെ കരുതാന്‍ കഴിയു

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

അവതാരിക said...
This comment has been removed by the author.
അവതാരിക said...

enikku malayalathil comment cheyyan pattunnilla...I am new in blog

athu ente swontham srishtti alla..

avalude chiriyude porul...


thinna pole ..Athaaniyum undayirunnu.


marvelous post

Hafiz Fazlu Rahman Saquafi said...

'ചെത്തുകാരന്റെ ഉയർന്ന ചിന്ത'
ഈ പ്രയോഗം വല്ലാതങ്ങിഷ്ടായിഷ്ടാ.... good

Hafiz Fazlu Rahman Saquafi said...

'ചെത്തുകാരന്റെ ഉയർന്ന ചിന്ത' ഈ പ്രയോഗം വല്ലാതങ്ങിഷ്ടായിഷ്ടാ...
good