നെടുവീര്‍പ്പുകള്‍ ബാഷ്പീകരിക്കപ്പെട്ട്
പ്രളയമുരുക്കി തുള്ളിമെനഞ്ഞ്
രാസമാറ്റങ്ങള്‍ക്കൊടുവില്‍
ഇടിമുഴക്കമായും മഴയായും
പണ്ടേ പെയ്തിറങ്ങിയിരുന്നു..
ഒന്നിലൊന്നു കോര്‍ത്തെടുത്ത
മഴക്കുഞ്ഞുങ്ങളോരോന്നും
മണത്തെടുത്ത് പെറുക്കികൂട്ടാനും
ഒരിടിമുഴക്കത്തില്‍ വിറകൊള്ളാനും
കൊമ്പുകളെന്നേ പഠിച്ചിരുന്നു..
ഇലത്തുമ്പിലോരോ തുള്ളി കോര്‍ത്ത്
കണ്ണുനീരോട് മാറ്റുരച്ച്
ഒഴുകാനിടം നല്‍കുവാനും
കാത്തിരിപ്പിന്‍റെ മാപിനിയില്‍
അളന്നെടുക്കാനും അറിഞ്ഞിരുന്നു..
ഒരിടിവെട്ടില്‍ തലകരിഞ്ഞവൃക്ഷം
നനഞ്ഞൊലിച്ച് കൊതിതീരാതെ
മരപ്പെയ്ത്തായ് അയവിറക്കിയത്
ഊറിക്കൂടിയ വിരഹത്തുടിപ്പുകള്‍
അറിയാതെ തുടിച്ച് പോയതാകാം.
വെള്ളിടി ചാപ്പകുത്തിപ്പോയിട്ടും
പിടഞ്ഞുവീണ വേഴാമ്പലിന്‍റെ
മുറിവേറ്റു വീണ നെടുവീര്‍പ്പുകള്‍ക്ക്
വേരുകളില്‍ ഞെരിഞ്ഞമര്‍ന്ന
ഗദ്ഗദങ്ങളേക്കാള്‍ കൂടിയ സാന്ദ്രത...
3 Comments:
ഭായ് കവിതകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം...നന്നായിട്ടുണ്ട്.. :-)
അല്‍പ്പംകൂടി ലളിതമായിരുന്നെങ്കില്‍ കൂടുതല്‍ സംവേദനക്ഷമമാകുമായിരുന്നു. ലാളിത്യത്തിന്റെ സൌന്ദര്യം ഒന്നു വേറെ തന്നെയാണ്.കാത്തിരിക്കുന്നു,കൂടുതല്‍ നല്ല ഒന്നിന്.
Post a Comment