പുഴയോരങ്ങളിലെ
ചില കുടിലുകളുണ്ട്..
പുഴയിലേക്ക്
വേരാഴ്ത്തി നിൽക്കുന്നവ,
തെളിഞ്ഞ പുഴവെള്ളത്തിൽ
മുഖം നോക്കുന്നവ,
കുടിലുകൾ പുഴയിൽ
നനഞ്ഞ് കുതിരുമ്പോൾ
മീനുകൾ
മുൻവാതിലിലൂടെ കടന്ന്
പിൻവാതിലിലൂടെ
പുറത്തിറങ്ങും..
പ്രളയരാത്രിയിൽ
പുഴയെ കെട്ടിപ്പിടിച്ച്
ജലമുറികളിൽ
ഉറങ്ങാൻ പോകുന്നവ..
പുലരികളിൽ
അതേ സ്വപ്നതീരങ്ങളിൽ
മഴക്കൂണ് പോലെ
പൊടിച്ച് പൊന്തുന്നവ..
എന്തുകൊണ്ടെന്നാൽ,
ഓരോ പ്രളയവും
ആണ്ടറുതികളാണ്..
അമ്മയെ കൊണ്ടുപോയതിന്റെ,
മകളെ കൊണ്ടുപോയതിന്റെ.
പുഴ തിരിച്ച് തരാതിരിക്കില്ല
തിരിച്ചൊഴുകാതിരിക്കില്ല..
ഓരോ കടവും
ഓരോ കാത്തിരിപ്പാണ്,
ഇപ്പുഴ
ഒരു കടവ് മാത്രമുള്ളതും.
1 Comment:
നല്ല രചന.. ആശംസകൾ....
Post a Comment