20 December, 2011

മരുവനത്തിലൂടെ

ഭയമാണ്‍ പ്രളയത്തിന്
കൊടുങ്കാറ്റുറങ്ങാറുണ്ടിവിടെ
അതിരിടാന്‍ മറന്നൊരാകാശം
ദാഹം കുറുക്കി

തണലുകാഞ്ഞ് മരുപ്പച്ച
മണ്ണുകൊണ്ടൊരു ഭൂമി,
മരുഭൂമിയെന്ന് പേര്..

പുലരിവെയില്‍ പൊന്നുരുക്കി
രാക്കാറ്റു കൊത്തിയ
മല മടക്കിലെവിടെയോ
ഒരു കിണറാഴം നനവുള്ളിലൊതുക്കി..

സ്ഥായിയായൊരു സ്ഥലസൂചിക
നിനക്കറിയില്ലെന്ന മട്ട്
ഒരു കാറ്ററുതിയില്‍
മണല്‍മല വടക്കു തിരിച്ച്

ഉച്ച വെയില്‍ കവിതയെഴുതിയ
നിന്‍റെ പട്ടുമെയ്യില്‍
കടല്‍ വരച്ചിട്ടൊരു ചുഴലി...

നാക്കറുക്കപ്പെട്ട്
ചെവി കൊട്ടിയടച്ച്
കണ്ണുകളില്‍ മണല്‍ വാരി വിതറി
ഒരു ഭൂരേഖ
തൊണ്ട വറ്റി കിടപ്പുണ്ട്...

മണല്‍ ശില്‍പങ്ങളൊന്നിലും
നിന്‍റെ കനിവ് കൊത്താന്‍
ജയിച്ചും പിന്നെയേറെ തോറ്റും
ഋതു ശില്പികള്‍ക്കത്രയും
ഉളിപിഴച്ച് ശിലചിതറിയിട്ടും..
ഹേ.. നീയൊരു രാജശില്‍പി..

കള്ളിമുള്‍ച്ചെടിയോട് മത്സരിച്ച്
തോല്‍ക്കാന്‍ നീ പഠിക്കേണ്ട,
നിന്‍റെയുള്ളിലെ കുളിരോളം
മുള്‍ച്ചെടിയൊന്ന് കൂട്ടിരിക്കും..

കുളമ്പുരസി, തീ പടര്‍ത്തി
കുതിരവേഗം നിന്‍റെ പകല്‍
രാവിലും പൊന്‍നിലാവിലും
ശാന്തമായ് മരുവനത്തിലെ ഒട്ടകം

പുക പടര്‍ത്തി ആര്‍ത്തലച്ച്
അതിര്‍ത്തികള്‍ ഭേദിച്ച്
തീവണ്ടിപ്പാളത്തോളം നിവര്‍ന്ന്
മണലടരുകളില്‍ ഒരു പെയ്ത്തോര്‍മ്മ
മഴപ്പീലി ഉള്ളിഉലൊതുക്കി
ചക്രവാളത്തിലേക്കൊരു യാത്ര...

ജീവിതപ്പെടലിന്‍റെ കാന്തമുനയില്‍
മരണവെപ്രാളപ്പെട്ട്
ജന്മാന്തരങ്ങളുടെ കാല്‍പാടുകളിലൂടെ
കോടാനുകോടി മണല്‍ജന്മങ്ങള്‍...