09 October, 2007

സ്വര്‍ഗ്ഗത്തിലേക്കുള്ള പാത


ഗര്‍ഭാശയത്തിന്‍റെ ഇരുളിന്‍ ഭിത്തിയില്‍
ചവിട്ടിയും കയ്യിട്ടടിച്ചും പരിതപിച്ചയെന്നെ
തലോടിയും പിന്നെയെന്നോട് കൊഞ്ചിയും
വേദനയില്‍ സുഖം നുകര്‍ന്നൊരമ്മേ..........
നിന്‍റെയന്നാളിലെ രാവുകള്‍ക്കു നിറം
കറുപ്പല്ല, മോഹങ്ങളാല്‍ നൂറായിരുന്നൂ,
പാല്‍ പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്
കന്നി മാമ്പൂ പൂത്തപോലെയാടിയുലഞ്ഞില്ലേ.
"മ്മ"വിളികേട്ട നിന്‍റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്‍റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
എന്‍ ജീവന്‍റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
അറിയാതെയെങ്കിലും എന്‍റെ മറു വാക്കിനാല്‍
നിന്‍റെ മനമൊന്നു പിടച്ചെങ്കില്‍ "മാപ്പ്",
സ്വര്‍ഗ്ഗം നിന്‍ കാല്‍ കീഴിലെന്നുമൊഴിഞ്ഞ
ദിവ്യാദര്‍ശമേ നീ തന്നെ സത്യം മാപ്പ്.......