12 September, 2020

ചോറൈത്ത്

ദാരിദ്ര്യത്തിന്റെ ഉച്ചകളിൽ 

നേർച്ചയുടെ അപാരതകളിൽ 

ഉള്ളുരുക്കത്തിന്റെ 

നേർത്ത പ്രാർത്ഥനകളിൽ 

ഓത്തു കുട്ടികൾ 

വേനൽമഴ പോലെ 

ഉച്ചയൂണിന് ക്ഷണിക്കപ്പെടും..


ഉറുമ്പുകളുടെ 

സഞ്ചാരപഥത്തോളം 

ഒരൊറ്റവരിയിൽ തിടുക്കപ്പെട്ട് 

കുതിരകളുടെ 

കുളമ്പടിയോളം 

പലവേഗത്തിൽ സാവധാനം 

ഒത്തുകുട്ടികൾ 

ഇടവഴി കടന്നുപോകും.. 



വയറും മനസ്സും നിറച്ചേ 

ഓരോ വീടും വിടരും 

തമ്പുരാന്റെ 

കണക്ക് പുസ്തകത്തിൽ 

അടായാളപ്പെടൂ..

ഓരോ പിടിച്ചോറിലും 

സ്നേഹം ചേർത്ത് 

ഓരോ വീടും കൂട്ടിരിക്കും..



തിരികെ വീട്ടിലെത്തുമ്പോൾ 

വിഭവങ്ങളുടെ 

രുചി രേഖപ്പെടുത്തിടും..

ഒരു ചമ്മന്തിയിൽ 

വിശപ്പടക്കിയ ഉമ്മമനസ്സ് 

കേട്ടുകേട്ട് പുഞ്ചിരിക്കും..

ഉമ്മമാരുടെ പുഞ്ചിരി 

ഓരോ പ്രാർത്ഥനയാണ്,

തമ്പുരാന്റെ 

കണക്ക് പുസ്തകത്തിൽ 

നേർച്ചകൾ വരവ് വെക്കുന്നത് 

അപ്പോൾ മാത്രമാകും,

അതുകൊണ്ടാകണം 

ഓരോ ചോറൈത്തും 

രേഖപ്പെടുമ്പോൾ 

ഒരുകൂട്ടം പുഞ്ചിരികൾ 

കൂടെ രേഖപ്പെട്ട് പോകുന്നത്..

25 August, 2020

പുഴ..

പുഴയോരങ്ങളിലെ 

ചില കുടിലുകളുണ്ട്..

പുഴയിലേക്ക് 

വേരാഴ്ത്തി നിൽക്കുന്നവ,

തെളിഞ്ഞ പുഴവെള്ളത്തിൽ 

മുഖം നോക്കുന്നവ,

കുടിലുകൾ പുഴയിൽ 

നനഞ്ഞ് കുതിരുമ്പോൾ 

മീനുകൾ 

മുൻവാതിലിലൂടെ കടന്ന് 

പിൻവാതിലിലൂടെ 

പുറത്തിറങ്ങും..

പ്രളയരാത്രിയിൽ 

പുഴയെ കെട്ടിപ്പിടിച്ച് 

ജലമുറികളിൽ 

ഉറങ്ങാൻ പോകുന്നവ..

പുലരികളിൽ 

അതേ സ്വപ്നതീരങ്ങളിൽ 

മഴക്കൂണ് പോലെ 

പൊടിച്ച് പൊന്തുന്നവ..

എന്തുകൊണ്ടെന്നാൽ,

ഓരോ പ്രളയവും 

ആണ്ടറുതികളാണ്..

അമ്മയെ കൊണ്ടുപോയതിന്റെ,

മകളെ കൊണ്ടുപോയതിന്റെ.

പുഴ തിരിച്ച് തരാതിരിക്കില്ല

തിരിച്ചൊഴുകാതിരിക്കില്ല..

ഓരോ കടവും 

ഓരോ കാത്തിരിപ്പാണ്,

ഇപ്പുഴ 

ഒരു കടവ് മാത്രമുള്ളതും.

22 August, 2020

ഒരേ നമ്മള്‍

ചേർച്ചയുള്ള ചേതന 

കരളുറച്ച കാൽനട 

ഭാവി ഭാരതത്തിൻ 

പാറുമുയരെ കാഹളം..


ഹിന്ദു മുസ്ലിം കൃസ്ത്യനും 

ഒരേ പതാക വാഹകർ..

ഗാന്ധി ആസാദ് നെഹ്രുവും 

ഒരേ സമര നായകർ.. 

അവർ നയിച്ച അവർ ജയിച്ച 

അവർ വരിച്ച മണ്ണിത്...


ഭാഷ പലതുമെങ്കിലും 

ഒരേ വാ മൊഴിഞ്ഞവർ..

വേഷം അന്യമെങ്കിലും 

ഒരേ വേഷ ധാരകൾ..

അവർ പറഞ്ഞ അവർ ചലിച്ച 

അവർ മണക്കും മണ്ണിത്..


വർഗ്ഗ വർണ്ണ ചിന്തകൾ 

ഒരേ പിഴച്ച പിറവികൾ..

കുടില തന്ത്ര ബുദ്ധികൾ 

ഒരേ കുടില മനസ്സുകൾ..

തുരത്തിടും  തളിർത്തിടും 

അവർ മെനഞ്ഞ നാടിത്..


ചേർച്ചയുള്ള ചേതന 

കരളുറച്ച കാൽനട 

ഭാവി ഭാരതത്തിൻ 

ഉയരുമുയരെ കാഹളം

ഉയരുമുയരെ കാഹളം..

മീന്‍ മുറിക്കുമ്പോള്‍

അമ്മ മീൻ മുറിക്കുന്നിടം 

നിശ്ശബ്ദമാണ്..

വാഴക്കയ്യിലും വേലിയിലും 

മൂന്ന് കാക്കകൾ 

ചുറ്റുപാട് വീക്ഷിക്കുന്നുണ്ട്.

വാഴച്ചോട്ടിൽഅമ്മിക്കരികിൽ 

ഓരോ പൂച്ച വീതം..

തല വെട്ടിച്ച് നാല് കോഴികൾ 

പൂച്ചയേയും കാക്കയെയും 

മാറി മാറി നോക്കുന്നുണ്ട്.

എല്ലാവരുടെയും കണ്ണ് 

തന്നിലും തന്റെ 

കയ്യിലിരിക്കുന്ന മീനിലാണെന്നറിഞ്ഞിട്ടും 

അമ്മ പുലർത്തുന്നൊരു 

നിസ്സംഗതയുണ്ട്..

ലോകത്തൊരു അധികാരിയും 

കാണിക്കാത്തത്..

ഇടക്ക് കാക്കയെ നോക്കി 

സഹനത്തിന്റെ മൂർത്തി ഭാവമായ 

പൂച്ചക്ക് നേരെ 

ഒരു മീൻ തലയെറിയും..

മീൻ തല കടിച്ച്പിടിച്ച് 

പൂച്ചയൊന്ന് വെപ്രാളപ്പെടും,

കാക്കയിലെ കൊതിയൊന്ന്  

റാഞ്ചലോളം ആളിപ്പടരും..

കോഴിക്ക് കിട്ടുന്ന മീൻകുടൽ 

പൂച്ചയിൽനിന് വളരെ നേർത്ത 

മ്യാവൂ ശബ്ദം പുറപ്പെടുവിക്കും..

കത്തിവീശി ആട്ടുമെങ്കിലും 

അവസാനത്തെ മീൻവെള്ളം 

തെങ്ങിൻ തടത്തിലേക്കൊരേറുണ്ട്..

കിട്ടാത്തവരും കിട്ടിയവരും 

എല്ലാവർക്കും ചാകര.


മീൻ ചാറില്ലാണ്ടെങ്ങാനാ,

ഒരു പിടി വറ്റെറങ്ങാ..

അമ്മയോടച്ഛൻ പിന്നെയും 

പിന്നെയും 

പറഞ്ഞുകൊണ്ടിരിക്കും..

ഓരോരോ  മീൻ കഥകൾ,

അമ്മ നല്ലൊരു കേൾവിക്കാരിയാണ്..

കേൾക്കുമ്പോൾ അമ്മ,

പൂച്ചയെപ്പോലെകോഴിയെപ്പോലെ  

കാക്കയെ പോലെ 

ചില നോക്കുകകൾ

ചില വാക്കുകൾ കാണിക്കും.. 

മനോഹരം.. ചാക്രികം 

ചില ആവാസ വ്യവസ്ഥകൾ.