03 December, 2007

മതിലുകള്‍


നിറമിട്ട മതിലിന്‍ ഹൃദയം
കല്ലാണെന്ന് കാറ്റ് നാടുനീളെ പാടി...
നിറംകെട്ട വേലികളൊക്കെയും
മതിലിന്‍ അലിവില്ലാത്ത കരളുറപ്പിനാല്‍
വലിച്ചെറിയപ്പെട്ടന്ന് മറുകാറ്റേറ്റു പാടി..
മറയിട്ടു നിന്നെങ്കിലും വേലികള്‍
അങ്ങിങ്ങ് ദ്വാരമിട്ട് ഹൃദയം തുറന്നിരുന്നു
വേലിത്തറിക്കൊമ്പിലെ അടക്കാക്കിളിയും
വേലിത്തണല്‍പ്പറ്റി ഇമയണച്ച മണിപ്പൂച്ചയും
മതിലില്‍ വന്നലച്ച ഗദ്ഗദങ്ങള്‍ കേട്ടൊളിച്ചുവോ?.
തൊടിയില്‍ നിന്നും തൊടിയിലേക്ക്
വേലിക്കടിയിലൂടെ വേരുകള്‍ പായിച്ച്
പ്രണയം പകുത്ത് ആലിംഗനം ചെയ്ത,
ചക്കര മാവിന്‍റെ വേരുകള്‍ മതില്‍ത്തറയില്‍
മുരടിച്ചതും മാമ്പൂ പൊഴിച്ചതുമാരു കണ്ടു?.
ചായമിട്ട് സ്വര്‍ണ്ണക്കവാടം തീര്‍ത്ത്
മനസ്സുകളില്‍ അതിരിട്ട് മതിലുകള്‍ മൂകം
വേറിട്ടിരിക്കാന്‍ കന്‍മതില്‍ തീര്‍ത്തവര്‍
ഹൃദയം തകര്‍ന്നകത്തിരിക്കവേ, യീമതിലുകള്‍-
ബന്ധനത്തിന്‍ പുതു തലങ്ങള്‍ തീര്‍ക്കുന്നു.