31 December, 2012

ഡിസംബര്‍

വളവു തിരിഞ്ഞാല്‍ കാണാം
ചുടലപ്പറമ്പിലെ കായ്ക്കാത്ത മരത്തലപ്പ്,
സ്വപനങ്ങളുടെ വേരറ്റ പടുവൃക്ഷം
നിലംതല്ലി കിടപ്പുണ്ട്, വേലി ചതച്ച്
ഇന്നലെ വന്നുപോയ ചുഴലിക്കാറ്റ്
വന്ന വഴിക്ക് അടയാളം വെച്ചു പോയത്..

മരണത്തിന്റെ സൌന്ദര്യം
മോഹിച്ച് പൂകിയതാണവള്‍..
ജീവന്റെ ചൂടില്‍ നിന്നടര്‍ന്ന്
മരണത്തിന്റെ തണുപ്പ് തൊട്ടവള്‍

ജീവന്റെ ഓരോ നിമിഷത്തിലും
അവളെയവള്‍ ഒട്ടിച്ചുവെച്ച്
പറിച്ചെടുക്കാനാവാത്ത വിധം
ഒരു പോത് ഗര്‍ഭം ധരിച്ചവള്‍..

ആത്മഹത്യയായിരുന്നില്ലത്
രാവേറെ മരണത്തെ തിരഞ്ഞ്
വഴികളേറെ കൂട്ടിക്കിഴിച്ച്
നെറ്റിയിലെ അവസാന പൊട്ട്
ജീവനില്‍ നിന്ന് പറിച്ചെടുത്ത്
കണ്ണാടിച്ചില്ലില്‍ ഒട്ടിച്ചുവെച്ച്
ഒരു  പൊട്ടും ബാക്കിവെക്കാതെ..

ഗസലിന്റെ കേള്‍വിക്കാരെ ഇറങ്ങി വരിക
അപാരതയുടെ ഉത്തുംഗതയില്‍ നിന്ന്
ഒരു ജീവിതം നടന്നു പോയ താഴ്വരയിലേക്ക്
ആറടി വിതിയുണ്ടായിരുന്നിട്ടും
ഒരു കാല്‍പ്പെരുമാറ്റത്തിനു മാത്രം
വഴി കൊടുത്ത കോളാമ്പിപ്പൂക്കളുടെ
നനവും മൌനവും നിറഞ്ഞ വളവിലേക്ക്..

തീര്‍ന്ന ഗസലിന്റെ തീരാത്ത
ശ്രുതിയുലയാത്ത ഒരീണം
നേര്‍ത്തു നേര്‍ത്ത് മരണമില്ലാതെ
ഡിസംബര്‍ മെയ്യഴകുള്ള പെണ്‍കുട്ടി
മരണപ്പെട്ടു കിടപ്പുണ്ട്
മണവാട്ടിയുടെ വെള്ളയുടുപ്പ് ചേരാതെ
പഞ്ഞിക്കെട്ടിന്റെ സാന്ദ്രതയോടെ..

09 October, 2012

ത്വലാക്ക്



ഷാനിബ..മാപ്പിളപ്പാട്ടിലെ നായികയല്ല
ഹാജറ.. കത്ത് പാട്ടിലെ വീടരല്ല
നാജിയ..ആരുടേയും പ്രണയിനിയല്ലിവള്‍

കിണര്‍  വെള്ളം വറ്റിവരളുവോളം
മുത്തലാക്കേറ്റു പിടഞ്ഞു വീണവള്‍  
നനവിന്റെ കോള്‍പ്പാടം അരികിലായിരുന്നിട്ടും
പച്ചപ്പിന്റെ ഒരു പൊട്ടും ബാക്കിയാവാതെ
വിധവയാക്കപ്പെട്ടവള്‍  ....ഷാനിബ.

തളിര്‍ ചില്ലകളില്‍ തീ കോരിയിട്ട്
തലാക്കിന്റെ തീക്കട്ടയാല്‍ ഉരുകിയവള്‍
തണലുള്ള തായ് വൃക്ഷമായിരുന്നിട്ടും
നിഴലിനെ പോലും കൂട്ടിനു കിട്ടാതെ
കൂട്ട് നഷ്ടപ്പെട്ടവള്‍  ...ഹാജറ.

തറവാട്ടുതറയെ നെടുകെ പിളര്‍ത്തി
മൊഴി ചൊല്ലലിന്റെ രാവിലൊറ്റപ്പെട്ടവള്‍
അകത്തളങ്ങളില്‍ ഒരു നീരുറവ  കാത്തിട്ടും
കണ്ണുനീരിന്‍ അണക്കെട്ട് തകര്‍ന്ന്
ഏതോ തുരുത്തിലകപ്പെട്ടവള്‍ ..നാജിയ.

നീയൊരു ത്വലാക്ക് സ്ഫടികമല്ല ഉടയാന്‍
വരണ്ട കിണറും കരിഞ്ഞ മരത്തലപ്പും
വാക്ക് പിളര്‍ത്തിയ കരിങ്കല്ലും
അവനില്‍ പെയ്യാനിരിക്കുമ്പോള്‍
പോത്തിറച്ചിപ്പാട്ടിലെ  നാരിമാത്രമായ്
നീ സ്വയം ഉടയാതിരിക്കണം.

*ത്വലാക്ക് .. മതപരമായ ഡിവേഴ്സ് 

02 October, 2012

ഒക്ടോബര്‍ 2




ഹേ മഹാത്മാവേ...
നിന്നെ ഞാന്‍ വീണ്ടും കൊലപ്പെടുത്തുന്നു
അതിനായ് ഒരു കത്തി പണിയാതെ
നിനക്ക് ഞാനൊരു ഓര്‍മ്മനാള്‍ പണിതു

നിറതോക്ക്  അരയില്‍ തിരുകി
കോടിയോളം ഗോഡ്സേമാര്‍
നിന്റെ മെയ്യില്‍ നീയൊളിപ്പിച്ച
ഒരുന്നം, ഒരേയോരുന്നം
കാത്തു നില്‍പ്പാണ്...
മഴ നനഞ്ഞ് പിന്നെ വെയില്‍ നരച്ച്.
അവര്‍ക്ക് മേല്‍ ആയിരം കാക്കകള്‍
ശകാരമെന്നോണം
കാഷ്ടം വര്ഷിക്കാറുണ്ട്... എന്നിട്ടും

കലണ്ടറില്‍ ഒരു ചുവപ്പക്കം
നിനക്കായ് തിരഞ്ഞു വെച്ച്
ഒരേയൊരു ഗോഡ്സേയെ തെറിവിളിച്ച്
കവലകളില്‍ നിന്നെ പണിത്
തീട്ടം വാരിയെറിഞ്ഞ്
ഒരൊറ്റ നോട്ടില്‍
നിന്റെയര്ദ്ധ നഗ്നതയും വലിച്ചുകീറി

ഞങ്ങള്‍ ബാക്കി വന്ന ഗോഡ്സേകള്‍
നിന്നെയോര്‍ക്കാന്‍ ഗാന്ധി മൈതാനിയില്‍
പിന്നെയും ബാക്കി വന്നവര്‍
നിനക്കൊരു ചെരുപ്പുമാല തീര്‍ത്ത്
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ
കരിമ്പടം നിനക്കുമേല്‍ വലിച്ചിട്ട്....

ഞാന്‍ കേട്ടിട്ടും കേള്‍ക്കാതെ
ഹേ റാം...ഹേ റാം.

21 July, 2012

പാഥേയം

ഈ മരുഭൂമിയാകെ വറ്റിച്ച
രണ്ടിറ്റു കണ്ണുനീര്‍..
അതെന്‍റെയുമ്മ
എനിക്കായ് പൊഴിച്ച
തൊണ്ടവരണ്ടടര്‍ന്ന
പ്രാര്‍ത്ഥനയായിരുന്നു.

നിലാവിന്‍റെയൊരു  കീറ്
എനിക്കായ് പകുത്തുവെച്ച
തണുത്ത രാത്രികളത്രയും
ഓര്‍ത്തുവെച്ചൊരു വിളിയുണ്ട്,
ഉള്ളു കോന്തുന്നത്
അതിപ്പോഴും
കരയില്‍ കിടന്നു പിടയുന്നുണ്ട്.

ഒരീന്തപ്പനയെങ്കിലും
വേരോടെ പിഴുത്
അമ്മിത്തറയോട് ചേര്‍ത്ത്
നട്ടു വളര്‍ത്തണം..
ഒഴുക്കിനെതിരെ
ഈന്തപ്പനയുടെ നീന്തലും
ഈന്തപ്പഴക്കുലയുടെ
നിറഭേദങ്ങളും
തൊട്ടു കാണിക്കണം...
ഉമ്മാന്‍റെ തേട്ടം,
അതെന്നെ രൂപപ്പെടുത്തിയ വിധവും.

20 June, 2012

വീട്

വീട് ഒരു കെട്ടിടമല്ല
ശരീരത്തിനു മനസ്സിനും പുണരാന്‍
സ്നേഹക്കുളിരാല്‍ മേല്‍ക്കൂരയിട്ട് 

ബന്ധങ്ങളുടെ തറയുറപ്പില്‍
ഒരമ്മ മനസ്സെന്റെ വീടിനുവേണം.

മണല്‍മലയോളം ദാഹമലിയാന്‍
കന്നിമൂലയിലൊരു ആള്‍മറയിട്ട്
ഒരു കിണറാഴം നനവ്‌ വേണം

ഒരിളം കാറ്റിനു കാത്തിരിക്കാന്‍
അരികിലൊരു മരത്തണല്‍ വേണം

മുറ്റത്തൊരു ബാല്യം
പിടിവാശി പിടിച്ചു നില്‍ക്കണം.

മുറികള്‍ പങ്കിട്ടെടുത്ത്
അകത്തളങ്ങള്‍ വിജനപ്പെട്ട്
കളിചിരിയോട് വാതിലടച്ച്
വീടോടൊന്നും ഉരിയാടാതെ
വീടെന്നെ കാത്തിരിക്കാതെ
എനിക്കൊരു വീടെന്തിന് ?.

മടങ്ങാനാകുമെങ്കില്‍
ഞാനെന്നേ പോയിരുന്നേനെ
എന്റെ ആദ്യ വീട്ടിലേക്ക്
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്,
'സ്പന്ദനമുള്ള' ആദ്യ വീട്.

24 January, 2012

മകനെ നിന്നെയോര്‍ത്ത്

ബന്ധങ്ങളുടെ കണ്ണികളില്‍
ചെന്നിനായകം പുരട്ടി
വിളങ്ങിചേരാന്‍ വെമ്പിയ
സ്വന്തങ്ങളെ ഊതിക്കെടുത്തി
പിരാകിപ്പുലയാട്ട് പറഞ്ഞു
സമയങ്ങളുടെ അഗ്രങ്ങളില്‍
നീ തിരികിലുത്തി പാഞ്ഞത്
ഏതു യുദ്ധ മുഖത്തേക്കാണ്‍

പെറ്റിട്ടും പേറ്റുനോവ് പേറി
നിന്നെയിപ്പോഴും പ്രസവിക്കുന്നുണ്ടോരമ്മ
അച്ഛന്റെ മൌനം വാര്ദ്ധക്ക്യത്തില്‍ കലര്‍ന്ന്‍
തിമിരത്തിലും തിരയുന്നുണ്ട് നിന്നെ
നിന്റെയോര്‍മ്മകളെ തുടച്ചു പൊടിതട്ടി
വെള്ളമൊഴിച്ച് വളമിടുന്നത് അവളാണ്‍-പെങ്ങള്‍
അനുജന്റെ ലോകത്ത് നീയില്ല
രക്തത്തിന്റെ കാന്തികത നിനക്കില്ലെങ്കില്‍ ...?

സൂര്യാസ്തമയം നീ കാണാറില്ലേ
നാളെ പുലരുമായിരുന്നിട്ടും എത്ര മൂകം
ആകാശത്തോളം ചിറകുള്ള പറവകളെ
എത്രയര്‍ദ്രമായാണത് അണയ്ക്കുന്നത്
വൃക്ഷത്തലപ്പുകളില്‍ തട്ടിത്തെറിച്ച്
ജലപ്പരപ്പില്‍ തങ്കം കലക്കിയെത്ര നാള്‍
ഓരോരോ അസ്തമയങ്ങളും
എത്രയെത്ര പുലരികളെയാണ്‍ വിടര്‍ത്തിയത്

കീഴടക്കി നീ മടങ്ങിയെത്തുമ്പോള്‍
പെങ്ങളുടെ പച്ചിലയില്‍ പുഴുക്കുത്തില്ലെങ്കില്‍
ഒരനക്കം ജീവന്‍ അച്ചനും അമ്മക്കുമെങ്കില്‍
അനുജനിലെ വിമതനുണര്ന്നില്ലെങ്കില്‍
മഴയോളിപ്പിച്ച വേനല്‍ തേടാം
മഞ്ഞു മായാത്ത പുലരികായാം
അതിനായ് നീയെങ്കിലും ബാക്കിയാകണം

ജീവനോടെ മരണപ്പെട്ടവരെയോര്ത്ത്
മരണപ്പെട്ട് ജീവിതപ്പെടാതിരിക്കാന്‍
തീരമണയാന്‍ തിരയടങ്ങാന്‍ കാത്തിരിക്കരുത് .