19 November, 2013

തീവണ്ടി

ഇതെന്തൊരു വേഗതയാണ്
ഈ ദൂരത്തിന്റെ ആയുസിനെന്ന്‍
ഒരു തീവണ്ടി കിതച്ച്
ജനാധിപത്യ രാജ്യത്തിലൂടെ
കടന്നു പോകുമ്പോള്‍...

പാളങ്ങള്‍ക്കിരുവശവും
കേള്‍വികളെ കൊട്ടിയടച്ച്,
കാഴ്ച്ചകളെ മറച്ച്
രണ്ട് ഭൂഖണ്ഡങ്ങള്‍ ഉണ്ടാകുന്നത്,
ഒരു നിയന്ത്രണ രേഖ
വരഞ്ഞു പോകുന്നത്
ഗദ്ഗദങ്ങള്‍ കുന്നുകൂടുന്നത്,
ചിന്തകളില്‍ ചൂളംവിളി
തുളഞ്ഞുകയറിപ്പോകുന്നത്.

കാഴ്ച്ചകള്‍ മുറിവ്കൂടുമ്പോള്‍
കേള്‍വികള്‍ വിളങ്ങിച്ചേരുമ്പോള്‍
ചിന്തകള്‍ ഇരമ്പിക്കൊണ്ടിരിക്കും...

പാളങ്ങള്‍ക്കിരുവശവും
പോരാളികള്‍ കാത്തിരിക്കുന്നുണ്ടാകും,
ഓരോ തീവണ്ടിക്കും തിരിഞ്ഞിരുന്ന്
മുക്കിത്തൂറാന്‍...
തീട്ടം ചവിട്ടാതെ ഒരു തീവണ്ടിയും
ഒരു നാടും ഛേദിച്ചു പോകരുത്...
ആന്ധ്രാ തരിശുകള്‍
സമരങ്ങളുടെ ജീവിക്കുന്ന
സ്മാരകങ്ങളെന്ന്‍
ജയന്തിജനതകള്‍ എന്നുമോര്‍ക്കണം..

ഇഴപിരിയാത്ത നിന്‍റെ പ്രയാണവും
എന്‍റെ നിലവിളിയും
പാളങ്ങളോളം സമാന്തരമാണ്,
വൈകിയെത്തിയ തീവണ്ടിക്ക്
തലവെക്കുവാനുള്ള നിന്‍റെ യാത്രകള്‍ക്ക്
ശുഭയാത്ര നേരുന്നവരോട്.
comments here