02 March, 2008

യാത്രാന്ത്യം


മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..

നിന്‍റെ വിരഹാശ്രു പൊഴിഞ്ഞിടത്താണ്
കുന്നത്ത് സൂര്യനുദിച്ചിടം തേടിയ
എന്‍റെ യാത്രകള്‍ അസ്തമിച്ചിരുന്നത്..

വികൃതമല്ലാത്തൊരു മുഖം കാണിക്കാന്‍
എന്‍റെ കണ്ണാടി തോറ്റിടങ്ങളിലാണ്
കൊത്തുപണിയുള്ള കണ്ണാടി തേടിയലഞ്ഞത്..

പകലറുതികള്‍ നിറം തിരിച്ചെടുത്തിടത്താണ്
രൂപങ്ങളുടെ മറവ് പറ്റിയ
രാനിഴലുകള്‍ പെറ്റുപെരുകിയത്..

തായ് വിരല്‍ വാത്സല്യം മുറിഞ്ഞിടത്താണ്
ഇല അനങ്ങാതിരുന്നിട്ടുമെന്‍
മനം ആടിയുലയാറുണ്ടായിരുന്നത്..

ഉരുകിയൊലിച്ച മനസ്സിന്‍ ലാവയാകണം
കാലപ്പഴക്കം ചെന്നയെന്‍റെ കമ്പൊടിഞ്ഞ
മറവിയുടെ കുടയ്ക്ക് ദ്വാരമിട്ട് പോയത്..