24 September, 2010

അല്‍ഷൈമേഴ്സ്

ഓര്‍മ്മഗോപുരങ്ങളൊക്കെയും മൂകമാണ്
മണല്‍ക്കാടുകളോളം പരന്ന്..
രാവിലും കണ്ണുപാകിയിരിപ്പാണ്,
വെളിച്ചം വന്ന് നിഴല്‍ പരത്തിയിട്ടും.

ആത്മാവിന്‍ പുസ്തകത്താളിലെ
അക്ഷരങ്ങളൊക്കെയും പൊഴിഞ്ഞുപൊയത്
ഏതു ശിശിരത്തില്‍ തിരയാന്‍...
മെനെഞ്ഞെടുപ്പിന്‍റെ നാളുകളില്‍
കുറിപ്പടി തെറ്റിയ പടപ്പുകള്‍ക്ക്
ഓര്‍മ്മയുടെ നേരനുപാതത്തോട്
മറവിക്കൂട്ട് ചേരാതെ പോയത്
ഏതാലയത്തില്‍ തിരയാനാണ്...

ഇടക്കൊരു ശംഖൊലി..
ആലിലത്തലപ്പൊന്നിളക്കും,
കൊടുങ്കാറ്റെന്ന് മോഹിപ്പിക്കും
പിന്നെയും കാത്തിരിപ്പിന്‍റെ അണക്കെട്ട്,
വഴിയാത്രികരുടെ കാല്‍പ്പെരുമാറ്റം
കണ്ണുകളില്‍ കേട്ടറിയുന്നതു കാണാം


വിസ്മൃതിയുടെ ആഴങ്ങളിലമര്‍ന്ന്
അറ്റുപോയ ബന്ധങ്ങളുടെ കോശം
അടരുകളിലെ മറവിയുടെ മതില്‍ക്കെട്ടില്‍
തലതല്ലി കേഴുന്നുണ്ടാകണം

നാളേറെയായി നങ്കൂരമിട്ട കപ്പല്‍
മണലിലുറച്ച് തരിച്ചുപോയതറിയാതെ
കപ്പിത്താന്‍ കാത്തിരിപ്പാണ്
അങ്ങേത്തലക്കലാരോ മഞ്ഞുമറയില്‍
ഒളിഞ്ഞിരുന്ന് കൂകിവിളിക്കുന്നതും കാത്ത്..

9 Comments:

Unknown said...

വരികള്‍ തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ തോന്നണത് എന്റെ അറിവില്ലായ്മയായിരിക്കും. കവിത ഇഷ്ടമായി പക്ഷെ.

Jishad Cronic said...

കവിത ഇഷ്ടമായി...

ഫസല്‍ ബിനാലി.. said...

വരികളിലെ ചില അവ്യക്തത നീക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിശാസുരഭി, ജിഷാദ് ക്രോണിക്ക് , മലയാളം സോങ്സ്..
പ്രതികരണങ്ങള്‍ക്ക് നന്ദി

മുകിൽ said...

നല്ല കവിത. അവസാനവരികൾ വളരെ മനോഹരം.

ഫെമിന ഫറൂഖ് said...

nalla kavitha... keep moving...

yousufpa said...

ഫസൽ, വലരെ കാലത്തിനു ശേഷം താങ്കളുടെ പോസ്റ്റിൽ എന്റെ കണ്ണുകൾ കേട്ടറിയുന്നത്.നല്ല വായനാസുഖം നൽകി.ആശംസകൾ.

ഉമ്മുഫിദ said...

nannaayittundu, iniyum kavi"njozhukuka !

www.ilanjipookkal.blogspot.com

K@nn(())raan*خلي ولي said...

"വിസ്മൃതിയുടെ ആഴങ്ങളിലമര്‍ന്ന്
അറ്റുപോയ ബന്ധങ്ങളുടെ കോശം
അടരുകളിലെ മറവിയുടെ മതില്‍ക്കെട്ടില്‍
തലതല്ലി കേഴുന്നുണ്ടാകണം"


നല്ല വരികള്‍!

Unknown said...

ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍