18 June, 2011

പനി

പനിയൊരു രോഗമല്ലാതിരുന്നിട്ടും
പനിയെന്നെ പുതപ്പിച്ചിടുമ്പൊഴൊക്കെ
ഞാനൊരു മഹാ രോഗിയാവാറുണ്ട്.

കൊതിക്കെറിവുമായ് ഉറഞ്ഞുതുള്ളി
പനിയെന്നെ കുടഞ്ഞെറിയുമ്പോള്‍
തലോടുന്നുണ്ടൊരോര്‍മ്മയരുകില്‍
ഒരു ചുക്കുകഷായ ഗന്ധം,
പിന്നെയൊരു ചമ്മന്തി.

കാതങ്ങള്‍ക്കപ്പുറമാണെങ്കിലും
കാലങ്ങള്‍ക്കിപ്പുറമാണെങ്കിലും
ഇടക്കെവിടെയോ ഒരു നിലവിളി
"എന്‍റമ്മോ"അലര്‍ച്ചപോലൊരു ഞരക്കം.

കരിമ്പടം മാറ്റി വിയര്‍ത്തൊലിച്ച്
പേരില്ലാത്തൊരു പനി
പടമുരിഞ്ഞ് ഇഴഞ്ഞകലുമ്പോള്‍
ഇരു കൈകള്‍ പിന്നോട്ട് പിണച്ച്
നീണ്ടുവലിഞ്ഞു ഒരുടല്‍ പിറവിയോളം



പുലഭ്യം കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ മൂന്നാം നാള്‍
ഫണം മുറിഞ്ഞ തുണ്ടു പാമ്പു പടം
ചെറു കാറ്റിലിളകിയൊരു സീല്‍ക്കാരം.