30 October, 2007

ഒരു കുങ്കുമപ്പൂവ്


പെയ്തൊഴിയാത്ത മഞ്ഞ് വകഞ്ഞ്
സ്ഫടിക വീഥിയില്‍ തെന്നിയവള്‍...
കുങ്കുമപ്പാടത്തേക്കൊഴുകി വന്നൊരു
കാശ്മീരി നനവുള്ള നിറമുള്ള പെണ്ണ്

പൂക്കള്‍ പൂജിക്കും മിഴിയുള്ളിവളുടെ
കണ്ണില്‍ വിടര്‍ന്നില്ലൊരു പൂവെങ്കിലും
ഉറഞ്ഞത്തടാകത്തില്‍ കലരാതെ പോയ-
നുജന്‍റെ രക്തം തിലകമായ് തെളിയവെ

മഞ്ഞില്‍ മരവിച്ച, ചിതറിയൊരോര്‍മ്മ
സൂര്യ കിരണങ്ങളില്‍ നഗ്നമാകവേ
പിടച്ച ഹൃത്തിന്‍ മൌന ജാലകങ്ങള്‍
തുറന്നിട്ടു പോയീ കുഞ്ഞിളം തെന്നല്‍

മൊഴിയൊഴിഞ്ഞൊരു നാടിന്‍റെ നന്‍മക്ക്
രക്ഷകനു പിഴച്ച കൈപ്പിഴയെ പഴിച്ച്
ദിനരാത്രങ്ങളിനിയെത്രയിവള്‍ വിടരാതെ
കൂമ്പാതെ, മഞ്ഞില്‍ നിശ്ചലമെന്നറിയാതെ

28 October, 2007

ഊന്നുവടിയുടെ യാത്രകള്‍



ഒരൂന്നുവടി.....,വിറയാര്‍ന്നതെങ്കിലും
ഉറച്ച കാല്‍വെപ്പോടെ പരതുകയാണ്
എങ്ങോ 'കളഞ്ഞുപോയൊരു ബാല്യം'
തിമിരം വരച്ചിട്ട കണ്ണാണെങ്കിലും
കാലം മറയിട്ട ചെവിയാണെങ്കിലും
കേള്‍ക്കുന്നു, കാണുന്നു അകക്കണ്ണാലേ
വീണ്ടും നുകരാന്‍ കൊതിച്ചതൊക്കെയും
കാലം കവര്‍ന്നെടുത്തതറിഞ്ഞ് തിരികെ-
മടങ്ങുന്നു മൂകമായ് .........ഒരൂന്നുവടി.

ഒരു വേള.., വഴി തേടിപോയ പാതകള്‍
വഴിയറിയാതെ തിരികെയണഞ്ഞങ്കിലെന്ന്
ഒഴുകി ദൂരമേറെ പിന്നിട്ട പുഴകള്‍
തിരികെയൊഴുകി ഓളങ്ങള്‍ നെയ്തെങ്കില്‍
തഴുകി മാഞ്ഞ കാറ്റൊന്നെങ്കിലും
കൈതപ്പൂമണം പേറി വീശിയെങ്കില്‍.......,
കിതച്ചൊരൂന്നുവടി ചഞ്ഞാമരത്തണലില്‍
കൂടെ ഊന്നുവടിക്കു താങ്ങായ വൃദ്ധനും..