09 February, 2008

നിഴലുകള്‍ മോഹിച്ചത്


പുലരികളില്‍ എന്നെ ഭയപ്പെടുത്തിയൊരാ
ചാര നിറമുള്ള നിഴല്‍
മദ്ധ്യാഹ്നങ്ങളിലെന്‍റെ കാല്‍ക്കീഴിലൊളിച്ചു..

ചെമ്മാനം രാവിനു വഴിയൊഴിയും മുമ്പെ
പാദങ്ങളില്‍ നിന്നൂര്‍ന്ന്
നിഴലുകള്‍ കിഴക്കോളം വളര്‍ന്നലിഞ്ഞൂ....

മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരിവെട്ടത്തില്‍
കറുപ്പിന്‍ മൂടുപടമിട്ട
നിഴലുകളെ ഭയന്ന് പുതപ്പിലൊളിച്ചതും...

ബാല്യത്തില്‍ നിന്‍റെ ഇണക്കവും പിണക്കവും
പിന്നെ നിന്നെ ജയിക്കാന്‍
പാടവരമ്പിലൂടെ ഓടിത്തോറ്റതും ഇന്നലെയോ..

നിഴലുകള്‍ വിളയാത്ത ഗന്ധകഭൂമിയില്‍
പാറിപ്പറന്നതും നിന്നെ മറന്നതും
എനിക്കെന്നെ നഷ്ടമായ മണല്‍ക്കാറ്റിലായിരുന്നു

മൊഴിയാതെ വിഴുങ്ങിയ വാക്കിന്‍ മടുപ്പില്‍
മെല്ലെ പറയാതെ പറഞ്ഞ്
ഉത്സവംതുടിക്കും മനസ്സോടെ ഞാനും എന്‍റെ നിഴലും.

03 February, 2008

മരണമണി




സമയത്തെ കൊന്നും കൊലവിളിച്ചും
നിമിഷസൂചി ചാരെ വന്നണയും മുമ്പേ
ഒന്നിനും രണ്ടിനുമിടയിലെവിടെയോ
കൃത്യതയുടെ യാത്രക്കു വിരാമമിട്ട്
ഘടികാരത്തിലെ മണിക്കൂര്‍ സൂചി....

പകലിനു കരിമ്പടമിട്ട് ഇരുള്‍പരക്കാന്‍
നേരമായെന്നോതിയീ ഘടികാര മഹിമ,
പിന്നെ പുലരിയുടെ തണുപ്പകലും മുമ്പേ
മൂടുപടം വകഞ്ഞെടുത്ത് പൂക്കണികാണാന്‍
സൂര്യനു സമയം വിധിച്ചതുമീ സൂചികയോ

ഇരുട്ടിനു ഭാരമേറവെ നിന്‍റെ നിശ്വാസങ്ങള്‍
സമയരഥങ്ങളില്‍ ആരെയൊ തേടിയലഞ്ഞതും
ആര്‍ത്തനാദങ്ങളുടെ ആവര്‍ത്തനങ്ങളായ്
അടുത്തു വന്ന കാലന്‍റെ മെതിയടിശബ്ദം
കേട്ടു ഞെട്ടിയുണര്‍ന്നതുമേതോ അസമയത്തും

സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്‍
ജനന മരണക്കണക്കുകള്‍ കുറിച്ചെടുത്ത്
കാലത്തോടൊത്ത് നടന്നും കിതച്ചിരുന്നും
പന്ത്രണ്ടിലെത്തി കെട്ടിപ്പിടിച്ചു മരിക്കാന്‍
ഓടിയെത്തും മുമ്പേ മരണമണിയുടെ സമയം
..