24 September, 2010

അല്‍ഷൈമേഴ്സ്

ഓര്‍മ്മഗോപുരങ്ങളൊക്കെയും മൂകമാണ്
മണല്‍ക്കാടുകളോളം പരന്ന്..
രാവിലും കണ്ണുപാകിയിരിപ്പാണ്,
വെളിച്ചം വന്ന് നിഴല്‍ പരത്തിയിട്ടും.

ആത്മാവിന്‍ പുസ്തകത്താളിലെ
അക്ഷരങ്ങളൊക്കെയും പൊഴിഞ്ഞുപൊയത്
ഏതു ശിശിരത്തില്‍ തിരയാന്‍...
മെനെഞ്ഞെടുപ്പിന്‍റെ നാളുകളില്‍
കുറിപ്പടി തെറ്റിയ പടപ്പുകള്‍ക്ക്
ഓര്‍മ്മയുടെ നേരനുപാതത്തോട്
മറവിക്കൂട്ട് ചേരാതെ പോയത്
ഏതാലയത്തില്‍ തിരയാനാണ്...

ഇടക്കൊരു ശംഖൊലി..
ആലിലത്തലപ്പൊന്നിളക്കും,
കൊടുങ്കാറ്റെന്ന് മോഹിപ്പിക്കും
പിന്നെയും കാത്തിരിപ്പിന്‍റെ അണക്കെട്ട്,
വഴിയാത്രികരുടെ കാല്‍പ്പെരുമാറ്റം
കണ്ണുകളില്‍ കേട്ടറിയുന്നതു കാണാം


വിസ്മൃതിയുടെ ആഴങ്ങളിലമര്‍ന്ന്
അറ്റുപോയ ബന്ധങ്ങളുടെ കോശം
അടരുകളിലെ മറവിയുടെ മതില്‍ക്കെട്ടില്‍
തലതല്ലി കേഴുന്നുണ്ടാകണം

നാളേറെയായി നങ്കൂരമിട്ട കപ്പല്‍
മണലിലുറച്ച് തരിച്ചുപോയതറിയാതെ
കപ്പിത്താന്‍ കാത്തിരിപ്പാണ്
അങ്ങേത്തലക്കലാരോ മഞ്ഞുമറയില്‍
ഒളിഞ്ഞിരുന്ന് കൂകിവിളിക്കുന്നതും കാത്ത്..

03 June, 2010

ക്ലാരയെന്ന തൂവാനത്തുമ്പി...

വേഴ്ച്ചയുടെ ആയിരം മുഖങ്ങളില്‍
ഒരു മുഖത്തിനും രൂപമില്ലെങ്കില്‍
ക്ലാരയിലേക്ക് നിന്‍റെ യാത്ര തുടങ്ങാം

കന്യകാത്വവും കാമുകീ വേഷവും
കെട്ടുപൊന്നുമോഹവും വേണമെന്നില്ല
ക്ലാരയിലേക്കുള്ള യാത്ര തുടരാം..

മരുവനങ്ങളിലെവിടെയോ ഒറ്റക്ക്
കള്ളിമുള്‍ച്ചെടി കാണുമെങ്കില്‍
താണു വണങ്ങി വഴി തേടണം..

ശിശിരം പൊഴിച്ച വഴിയിലെവിടെയോ
പുഴുക്കുത്തില്ലാത്ത ഇല കാണുമെങ്കില്‍
വഴിയരുകില്‍ തണലുകായാം...

കാര്‍കൂന്തല്‍ വഴുതി ഇമകളില്‍ വീണാല്‍
വലം കയ്യാല്‍ മെല്ലെ വകഞ്ഞു മാറ്റാം
കാടിറങ്ങാം പിന്നെ കടല്‍ കയറാം..

മരുവനവും താണ്ടി കടലിളക്കി
കാടുലച്ച് ഇടവഴിയൊടുങ്ങിയെങ്കില്‍
എന്‍റെ യാത്ര തീര്‍ന്ന മുനമ്പു കാണാം..

നിന്‍റെ നിസ്വനം എന്നെയുണര്‍ത്തും
ഒരു ചെറു ജീവനായ് പെയ്യുമന്നേരം
സഹസ്രം നനഞ്ഞ മഴയില്‍ ഞാനുമലിയും

ഓരോ മഴക്കാലവും നിന്നെ നീ
ഓര്‍മ്മിപ്പിക്കുന്നുവല്ലോ ക്ലാരാ..

ഋതുക്കളെത്ര തീവണ്ടിവേഗം
യാത്ര പറഞ്ഞകന്നാലും ..


ചാറ്റല്‍മഴയായ് ചെറുപുഞ്ചിരി തൂകി
പെരുമഴയായ് നിറഞ്ഞു പെയ്തു നീ
മരപ്പെയ്ത്തായ് പിന്നെയുമടരാന്‍ മടിച്ച്
എന്നെ മാടി വിളിച്ച് മറഞ്ഞതെങ്ങു നീ..

29 May, 2010

കറുത്ത ശവപ്പെട്ടി

ചിറകിലൊളിപ്പിച്ച കരിമഷിച്ചെപ്പില്‍
മനനം ചെയ്യാനിട്ടുപോയത്
ചങ്കിലെ അലര്‍ച്ചച്ചീള്,
സിന്ദൂര രേഖയിലെ മായാത്ത പാട്,
തോളിലെ നുകത്തഴമ്പും...

യാത്രികാ.. നിന്‍റെ വിമാന ചിറക്
തെല്ലോളമുള്ളൂ കടലോളമില്ല,
ആഴിത്തട്ടിലേക്ക് ഒളിക്കണ്ണെറിഞ്ഞ്
കപ്പല്‍പാദം വിണ്ടുകീറിയത്
ആണ്ടിറങ്ങാനൊരു കൈവഴിച്ചാല്‍..

കടലുപ്പിനോട് കണ്ണീരുപ്പുരച്ച്
അടര്‍ന്നിറങ്ങിയൊരു കപ്പല്‍ഛേദം,
നീലിമയില്‍ വഴിപിഴച്ച്

ഉരുകിയൊലിച്ചൊരു വിമാനച്ചിറക്
കാതറുത്ത്, മിഴിതുരന്ന്, കരിഞ്ഞുണങ്ങി.

നഷ്ടമുഖം തേടും ശവമണിന്നു നീ
മൂന്നാം നാള്‍ തീരമണയില്ല
ശവമടക്കന്‍ കുഴിവെട്ടുന്നില്ല ഞാന്‍
ആഴിതീര്‍ത്ത കബറുമാന്താന്‍
തിരയൊന്നും കൂട്ടുകൂടില്ലത്രെ...

08 March, 2010

വരനെ ആവശ്യമുണ്ട്

മുസ്ലീം യുവതി, സുന്ദരി,
തന്‍റേതല്ലാത്ത കാരണത്താല്‍
വിവാഹ മോചിത,
യാഥാസ്തിക കുടുംബം...

മുസ്ലീം സുന്ദരി,
വെളുത്ത നിറം, നല്ല സാമ്പത്തികം
പ്രാസ്ഥാനിക കുടുംബം...

നായര്‍ യുവതി, സുന്ദരി,
മുപ്പത്തൊമ്പത് വയസ്സ്,
പ്രായം, ജാതി എന്നിവ....

ഈഴവ സുന്ദരി,
ചൊവ്വ ദോഷം,
സമാന ജാതകക്കാരില്‍ നിന്ന്...

കാത്തോലിക്ക യുവതി, സുന്ദരി,
ബി എസ്സ് സി നേഴ്സ്,
സാമ്പത്തികമുള്ള യുവാക്ക...

മാര്‍ത്തോമ സുന്ദരി,
അമേരിക്കയില്‍ ഹോം നേഴ്സ്
വിവാഹാനന്തരം വരനേയും...

ദളിത് യുവതീ.. നീയെവിടെ

പരസ്യക്കോളത്തിലെങ്ങുമില്ല നീ
നീ സുന്ദരിയല്ലെന്നോ?
നിനക്ക് തിരഞ്ഞെടുപ്പില്ലെന്നോ?
നീയീചന്തയിലെ വ്യഞ്ജനമല്ലന്നോ?

11 February, 2010

ഒരിറ്റു നോവ്

കാലം മുഖം മിനുക്കുകയായിരുന്നു..
മേഘങ്ങളെ വര്‍ഷിക്കാനയച്ച്,
പുഴകളില്‍ പുളകമൊളിപ്പിച്ച്,
കിളികളില്‍ ചിറകു വിരിയിച്ച്,
പൂക്കളിലൊരു വസന്തം വിടര്‍ത്തി,
ഓര്‍മ്മകളെ പിന്നോട്ട് വകഞ്ഞ്..

വിയര്‍ത്തൊലിച്ചൊരു ഉള്ളുരുക്കം
തണലുകായാന്‍ നെറ്റിചുളിക്കുമ്പോള്‍
ഒരു ചെറുകാറ്റില്‍ വിയര്‍പ്പൊപ്പി
വേനല്‍ മെല്ലെ നെറ്റിമേല്‍ കൈവെച്ച്
വെയിലായ് പടിഞ്ഞാറോട്ട് ചായുന്നു
ഉള്ളിലൊരു ചെറു നനവ് കൊരുത്ത്..

കുളിച്ചൊരുങ്ങി പിന്നെയും തുളുമ്പി
പുല്ലിലൊരു തുള്ളി പുഴയിലൊരു തുടം
മനസ്സിലൊരു കുടം കോരിച്ചൊരിഞ്ഞ്
വാഴയിലച്ചോട്ടിലെ കുളിരായ്
ഒലിച്ചുപോയ കടലാസു തോണിയേറി
നെഞ്ചിലൊരു തുള്ളി ചൂടിറ്റിച്ച്...

ഇലപൊഴിച്ച് കാലം നഷ്ടമണിഞ്ഞു..
മഴ നെഞ്ചിലൊളിപ്പിച്ച ഇറ്റുചൂടില്‍
വെയില്‍ ചങ്കില്‍ കൊരുത്ത നനവില്‍
മഞ്ഞുകാലത്തിന്‍റെ നല്ലയോര്‍മ്മയില്‍
തിമിരമൊരു കാഴ്ച്ച കാണുകയാണ്
മെഴുക്കുപുരണ്ടൊരു കണ്ണാടിക്കാഴ്ച്ച

06 February, 2010

പെണ്‍കുപ്പായങ്ങള്‍

മേനിയോടൊട്ടി
മേനിയോടൊട്ടും ചേരാത്ത
പെണ്‍കുപ്പായമിട്ട്
വടിവൊത്ത പെണ്ണവളുടെ
റാമ്പിലെ കവാത്ത്.

കൊസീക്ക്, തീറ്റ,
ഏസ്ക്വയര്‍ പ്ലസ് ബീസ്ക്വയര്‍
പഠിച്ചത് കാണാപാഠം,
ജീവിതവും പഠനവും
മീന്‍കറിയും ഹല്‍വയും പോലെ
ചേര്‍ച്ചയില്ലാത്ത ചേര്‍ച്ച
തികട്ടി നിന്നത്
പെണ്‍കുപ്പായത്തിലും
കുപ്പായവിടവിലെ മേനിയിലും.

റാമ്പ് നൂല്‍പ്പാലം
ചന്ദ്രോപരിതലമാക്കി
നടത്തിയുടെ മാസ്മരികത,
ഗുരുത്വാകര്‍ഷണ വേരറുത്ത്
ഒരു നോട്ടം,
നിശ്വാസങ്ങളുടെ
പെരുമഴക്കാലം സമ്മാനിച്ച്
ഒരു വെട്ടിത്തിരിച്ചില്‍..

സൂചിക്കുഴിയിലൂടെ
ഒരു നുഴഞ്ഞുകയറ്റം,
കൂട്ടിത്തുന്നിയ ദുസ്വപ്നം
വെട്ടിമാറ്റി
കീറിയ കുപ്പായം തുന്നിത്തുടങ്ങി
ചുണ്ണാമ്പു ചുവരിലെ
എണ്ണപ്പാട വരച്ചിട്ട
ഒരരവയറുകാരി...

29 January, 2010

നഷ്ടങ്ങളോട്

മൌനം കൊണ്ടടച്ചൊരു വായ്‌വട്ടം,
ആര്‍ത്തിരമ്പലില്‍ ഒറ്റപ്പെട്ട ചെറുഞരക്കം,
രാവ് കാര്‍ന്നു തീര്‍ത്തൊരു വെളിച്ചക്കീറ്..
ഇതാണ്‍ നീയെങ്കില്‍ നിനക്ക് ഭാഷയില്ല,
നിന്‍റെ രൂപവും നിഴലുകളിലലിയും...
കുറുനാക്ക് തെരുവോരത്ത് പുഴുവരിക്കും.

പാപങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നിടങ്ങളില്‍
നന്മകള്‍ക്ക് പൂ സമ്മാനിക്കുന്നിടങ്ങളില്‍
വിടവുകള്‍ തീര്‍ക്കാന്‍ നീയുണ്ടാകും
നിന്‍റെയിടങ്ങളിലില്‍ അധിനിവേശകരും..
അധിനിവേശത്തിന്‍റെ ഭാഷയോരോന്നും
നിന്നില്‍ ചിഹ്നങ്ങളായ് പെയ്തൊഴിയും..

നിലവിളികള്‍ നിനക്കന്യമാകുന്നത്
നിന്‍റെ മാനം വെച്ച് വായ് മൂടുമ്പോളാണ്
നിഴലുകള്‍ക്ക് മുഖം നഷ്ടപ്പെടുന്നത്
പരമ്പരയില്‍ നീ ഇളയതാകുമ്പോളാണ്
വിജയികളുടെ ന്യൂനപക്ഷം വരുന്നത്
പരാജയങ്ങളുടെ താഴ്വര താണ്ടി..

ഇനിയൊരനക്കം കൂടെ എനിക്കു ബാക്കി,
എന്‍റെ ഭാഷക്കും എന്‍റെ രൂപത്തിനും..
പുഴുവരിച്ചതില്‍ ബാക്കിയൊരു കുറുനാക്ക്
പെറ്റുകൂട്ടാന്‍ നിഴല്‍ ഗര്‍ഭംധരിക്കും മുമ്പേ
എനിക്കെന്‍റെ ഭാഷ വേണം, രൂപവും
മൌനം മുറിയണം, എനിക്ക് നീയല്ലാതാകണം..