07 September, 2008

ചിരിയുടെ ബാലപാഠം


തോറ്റവന്‍റെ ചിരിയുടെ വേദന,
ചില്ലുചീളാല്‍ കോറിയ നെഞ്ചിലെ
പൊടിഞ്ഞ രക്തത്തുള്ളികളേക്കാള്‍
വരണ്ട തൊണ്ടയില്‍നിന്നറ്റു വീണ
അപശബ്ദങ്ങളുടെ പതര്‍ച്ചയായിരുന്നു

ഒന്നു കരഞ്ഞിരുന്നെങ്കില്‍..
വേദന, കണ്ണുനീരിലെ ചൂടായും
ഉപ്പായും പുറത്തേക്കൊഴുകിയെങ്കില്‍,
എന്നെ ഭയപ്പെടുത്തി
തൊണ്ടയില്‍ പെറ്റുപെരുകിയ
അട്ടഹാസത്തിന്‍റെ കുഞ്ഞുങ്ങള്‍
എന്നെ നോക്കി ഇളിക്കില്ലായിരുന്നു...

വിജയങ്ങളില്‍ ഒന്നു ചിരിക്കാന്‍
മോഹിച്ചപ്പോഴൊക്കെയും
കോടിയ ചുണ്ടാല്‍ വികൃതമായിരുന്നു
കരഞ്ഞു ശീലിച്ച ചുണ്ടിടകള്‍,
പരാജയങ്ങളുടെ വെള്ളക്കെട്ടൊഴുകിയ
കണ്‍കോണുകളില്‍ നിറവും മങ്ങിയിരുന്നു

ചിരിയുടെ ബാല പാഠങ്ങള്‍
പണ്ടേ പഠിക്കേണ്ടിയിരുന്നു
അച്ഛനുമമ്മക്കുമറിയേണ്ടിയിരുന്നു,
എങ്കിലുമിന്നുമീ ഞാന്‍ ശ്രമത്തിലാണ്
വെറുമൊരു ചിരിക്കല്ല,
ഉള്ളു തുറന്നൊന്നു ചിരിക്കാന്‍..
എന്‍റെ ചുണ്ടുകള്‍.. കണ്ണുകള്‍..
എന്നോട് സഹകരിക്കാമെന്നേറ്റിരിക്കുന്നു.

27 August, 2008

മുറിവാക്ക് തേടി...


പൊട്ടിപ്പൊളിഞ്ഞൊരു വാക്ക്
സ്വയം മൂര്‍ച്ചയാവുകയാണ്
ഏകാന്തതയുടെ തലയറുത്ത്
മൌനത്തിന്‍ നെഞ്ചുപിളര്‍ത്തി
ശബ്ദങ്ങളുടെ ആഴങ്ങളിലേക്ക്...

വായ് മടങ്ങിയ വാള്‍ത്തലപ്പും
തുളുമ്പി നിന്ന മിഴിയിണയും
സ്പര്‍ശനമറ്റ വിരല്‍ത്തുമ്പും
മുറിഞ്ഞു വീണ ഗദ്ഗദങ്ങളും
പൊട്ടിത്തകര്‍ന്ന ഹൃത്തിലേക്ക്..

ഹൃദയങ്ങളുടെ സംവാദങ്ങളില്‍
പറയാനാഞ്ഞ വാക്കുകള്‍ക്ക്
വരികള്‍ക്കിടയിലെ വിടവുകളില്‍
വെട്ടവും നാക്കും നഷ്ടമായത്
അര്‍ദ്ധവിരാമങ്ങളുടെ വരവാണ്

തിരയൊരുക്കിയ കിളിക്കൂട്ടില്‍
ചുരുണ്ടൊടുങ്ങിയ കൂടപ്പിറപ്പിന്‍
പറയാന്‍ ദാഹിച്ച വാക്കും
പൊഴിച്ച കണ്ണുനീര്‍ബാക്കിയും
ഞാനെങ്ങിനെ കണ്ടെടുക്കാന്‍

വാക്കുകള്‍ മൊഴിയാന്‍ തുടങ്ങുമ്പോള്‍
കണ്ണു നീരില്‍ പാപങ്ങളലിയുമ്പോള്‍
നിലവിളികളെ തിര ഭയക്കുമ്പോള്‍
പൊട്ടിപ്പൊളിഞ്ഞ വാക്ക് തേടി......
വരും ഞാനിവിടെ ഒരിക്കല്‍ കൂടി.

07 August, 2008

സ്നേഹിക്കാന്‍ മറന്നവര്‍..
കരുതിവെച്ച സ്നേഹം
പകര്‍ന്നു നല്‍കാന്‍
തേടിയലഞ്ഞ ശുഭമുഹൂര്‍ത്തം
വന്നണയും മുമ്പേ
താക്കോല്‍ കളഞ്ഞുപോയ
ഖജനാവിന്‍ ഉടയോന്‍റെ
പരവേശവും നിലവിളിയും
ആര്‍ത്തലച്ചു വന്ന
കടലിന്‍ ഇരമ്പലില്‍
അലിഞ്ഞ് തീരും മുമ്പേ..
ഒരു തിര കോരിച്ചൊരിഞ്ഞത്
മണലുകലക്കിയ ഉപ്പുവെള്ളം.

കരുതലുകള്‍ നഷ്ടപ്പെട്ട്
നടുക്കടലിലകപ്പെട്ട്
ഉപ്പുവെള്ളത്തിന്‍റെ മത്തില്‍
കൈവിട്ട തോണിപ്പലക
പിടഞ്ഞു പോയത്
ആഴിയും തോണിയും
പങ്കുവെച്ച സ്നേഹമായിരുന്നു,
പകുത്തെടുത്ത സ്വപ്നങ്ങളായിരുന്നു,
കൊടുത്തു വാങ്ങിയ ആദിയായിരുന്നു.

കാത്തുവെപ്പിന്‍റെയണക്കെട്ട്
തുറന്നു വിടാനായിരുന്നെങ്കില്‍
അടച്ചിട്ടു വെക്കാന്‍
താഴുകളില്ലായിരുന്നെങ്കില്‍
എന്‍റെയുള്ളിലെ സ്നേഹഭൂമി
തരിശല്ലായിരുന്നെന്ന്
അതുവഴി കറ്റയേറ്റിപ്പോയ
കൊയ്ത്തുകാരെങ്കിലും
അറിഞ്ഞുപോയേനെ..

അന്ധകാരത്തിലകപ്പെട്ട
കാഴ്ച്ചക്കാരന്‍റെ കാഴ്ച്ചയും
അന്ധന്‍റെ ഉള്‍ക്കാഴ്ച്ചയും,
സ്നേഹം കാത്തുവെച്ച മനസ്സും
തേടിയലഞ്ഞ മനസ്സുകളും,
ദൂരമേറെയായിരുന്നോ
കടലിന്‍ ഇരുകരയോളം..

പുലരിയുടെ കിളിക്കൊഞ്ചലില്‍
കേള്‍ക്കാതെ പോയതല്ല,
നട്ടുച്ചയുടെ മഹാമൌനം
ചുണ്ടില്‍ വിരല്‍വെച്ചതല്ല,
അസ്തമയങ്ങളിലെ ചുവപ്പ്
അതിരിട്ട് തടുത്തതല്ല,
വാള്‍ത്തലപ്പിന്‍ തിളക്കം
രാമറയില്‍ ഭയപ്പെടുത്തിയതല്ല,
എവിടെയാണ്‍ പിഴച്ചത്..
എന്‍റെയുള്ളിലെ സ്നേഹം
പകര്‍ന്നു നല്‍കാനാകാതെ
ഏതു മഞ്ഞിലാണുറഞ്ഞു പോയത്...


31 July, 2008

ദൈവത്തിന്‍റെ ചാരുകസേരയില്‍..


ഉച്ചവെയിലിന്‍ അട്ടഹാസം
കേട്ടടഞ്ഞ കാതുകള്‍ തുറന്നു വെച്ച്
വെളിച്ചത്തിന്‍റെ കുത്തൊഴുക്കില്‍
മഞ്ഞളിച്ച കണ്ണുകള്‍ പാതി ചാരി
വഴിയോരത്തെ കരിങ്കല്ലത്താണിയില്‍
അടഞ്ഞ ശ്വാസനാളത്തിന്‍റെ
പതറിയ മുരള്‍ച്ചയുടെ പൊറുതിയില്‍
കീറിപ്പറിഞ്ഞ കാളിമയിട്ട
തുണിച്ചീന്തുകള്‍ക്കുള്ളില്‍ എല്ലുമറക്കാന്‍
പാടുപെട്ട് തോറ്റുപോവുന്നൊരു
ദൈവം......

വെള്ള കീറും മുമ്പേ
സ്തുതികളുടെ, യാചനകളുടെ,
മോഹങ്ങളുടെ പുഷ്പാര്‍ച്ചനയില്‍
അടഞ്ഞ കാതുകള്‍ പാതി പൊത്തി
കണ്ണടച്ചെല്ലാം കേള്‍ക്കുന്ന മട്ടില്‍
കേട്ടതെല്ലാം മറുചെവിയിലൂടെ
വായുവിലലിയിച്ച്, പൊന്നാടയാല്‍
പാതി മെയ് മറച്ച്
സമൃദ്ധിയുടെ നടുവിലൊട്ടിയവയറുമായൊരു
യാചകന്‍......

ഇന്നലെ അന്തിക്ക് മാറിയിരുന്ന രണ്ടു പേര്‍..
മുന്നിലെ പിച്ചപ്പാത്രങ്ങളില്‍
വീണു തിളങ്ങിയ നാണയങ്ങള്‍..
എല്ലാം പതിവു പോലെ
പരാതികള്‍ കേട്ട് ദൈവത്തിന്‍റെ
ചാരു കസേരയിലുരുന്നാ യാചകന്‍
മെല്ലെയൊന്നു കണ്ണിറുക്കീ...
തെറിച്ചു വീണ നാണയങ്ങളുടെ
നിരര്‍ത്ഥകതയോര്‍ത്ത് ദൈവവും....

17 July, 2008

പ്രണയമായിരുന്നു
പുലരികളില്‍ സൂര്യന്‍ പുല്‍നാമ്പിലൊളിപ്പിച്ച
ഹിമകണത്തിളക്കമായിരുന്നു നിന്‍ മിഴികളില്‍..
കൈതപ്പൂമണം പേറി വീശിപ്പോയൊരു കാറ്റിന്‍
മൃദു സുഗന്ധമായിരുന്നു നീ പിന്നിട്ട വഴികളില്‍..
കളകളം പുളഞ്ഞൊഴുകിയ കാട്ടരുവിയൊളിപ്പിച്ച
ചെറു ചിരിയായിരുന്നു നിന്‍ ചുണ്ടിലെപ്പോഴും..
നിന്‍റെ ചലനങ്ങളിലെ കവിതയിലൊന്നെങ്കിലും
വായിച്ചെടുക്കാന്‍ തോല്‍ക്കുന്ന താരകങ്ങളിനിയും..
നിന്‍ കൂന്തല്‍ കറുപ്പിനഴകിടാന്‍ കൊതിച്ച പൂക്കള്‍
പൊഴിയാതെ നാണിച്ച് നില്‍ക്കുമിനിയെത്ര കാലം..
ശിശിരവും വസന്തവും തോറ്റു പോയിട്ടുമിനിയും
എന്തിനായാര്‍ക്കായ് മഴയില്‍ നനഞ്ഞൊലിക്കുന്നു..
അറിയാതെയറിയാതെ ഇമകള്‍ മിഴിക്കാതെ
നിന്നു പോയൊരെന്‍ പ്രണയ കാലാത്തിലൊരു
വേളയെങ്കിലും നിന്‍ മിഴികളെന്നെ തഴുകിയെങ്കില്‍,
ഞാനായിരുന്നേനെ ഹിമകണത്തിളക്കവും കാറ്റും
ഞെട്ടറ്റു വീഴാതെനിന്ന പനിനീര്‍പ്പൂവിതളും
കാട്ടരുവിയും നീന്നെ പ്രണയിച്ച കവിതകളൊക്കെയും.

17 June, 2008

അടയാളങ്ങള്‍...


ബന്ധങ്ങളുടെ പശിമയുള്ള ചിത്രങ്ങള്‍
ചുവരില്‍ കോറിയിടാന്‍
അനാഥന്‍റെ വിറകൈകളോളം
കരിക്കട്ടയോട് ചേരുന്നിടമുണ്ടോ...

വിശപ്പിന്‍റെ നേര്‍ത്ത രോദനം
മുറിവാക്കിലെങ്കിലും കോര്‍ത്തിടാന്‍
നിറവിന്‍റെ നടുവിലെ
അറ്റവയറുകാരനല്ലാതെ
കഴുകന്‍റെ മുന്നിലെ
ചെറു ചലനങ്ങള്‍ക്കുമാകുമോ....

അമ്മയുടെ നന്മയെക്കുറിച്ചെഴുതാന്‍
പരാജയപ്പെടുന്നവരേറെ....
അവരോക്കെയും അമ്മമടിയില്‍
തല ചായ്ച്ചുറങ്ങുകയാണ്..
കണ്ണിന്‍റെ കാഴ്ച്ച പോയ് മറയുവോളം
കാഴ്ച്ചയുടെ കുളിരോര്‍ക്കുമെങ്ങനെ....

മീനമാസ ചൂടേല്‍ക്കാതെ
വിയര്‍പ്പുതുള്ളികള്‍ ഉരുകി വീഴാതെ
ചൂടു കാറ്റേറ്റ് തൂളിപ്പറക്കാതെ
മണ്ണെങ്ങിനെ പുതു മഴയ്ക്കു ദാഹിക്കും,
മണ്ണിന്‍റെ ഗന്ധം മഴയിലലിയും...

ആഴിക്കിത്ര ആഴമില്ലെങ്കില്‍
വാനത്തിനിത്ര വ്യാപ്തിയില്ലെങ്കില്‍
മലകള്‍ക്കിത്ര കാഠിന്യമില്ലെങ്കില്‍
ജനനം മരണത്താല്‍ തിരുത്തിയില്ലെങ്കില്‍
തമ്പുരാനെങ്ങനെ സ്വയം അടയാളപ്പെടും...?


02 June, 2008

ലഹരികളില്‍


ശിശിരം പൊഴിച്ചിട്ട പ്രണയിനിയുടെ
നനുത്ത പൂവിതള്‍ ഓര്‍മ്മകളാണ്
ചവച്ചെറിയപ്പെട്ട കരളിലേയ്ക്ക്
വാറ്റു തുള്ളിയുടെ ചവര്‍പ്പ്
ആഴ്ന്നിറങ്ങാന്‍ വിടവിട്ടു പോയത്.....
നുരച്ചു പൊന്തിയ ലഹരിയുടെ
കുമിളകളുടെ കാഠിന്യമാകണം
പിളര്‍ന്നു പോയ വഴികളേറെയായിട്ടും
നിറം വാര്‍ന്നു പോയ രാവിലും
ചുരുണ്ടു കൂടാനൊരു മേല്‍ക്കൂര തന്നത്.....
വാറ്റിന്‍റെ ഗന്ധത്തില്‍ നാവിനഴകിട്ട
കവിതയുടെ ആരോഹണങ്ങളിലെവിടെയോ
വിണ്ടകന്ന ചുവരില്‍ നിന്നൂര്‍ന്നു വീണ
എഴുത്തു പലകയിലെ വാക്കുകള്‍-
'ഞാന്‍ ദൈവം, ഈ വീടിന്‍റെ രക്ഷകന്‍'.....
ഈരേഴ് പതിനാലു ലോകവും
കിടത്തത്തിന്‍റെ മാസ്മരികതയിലിഴയവേ
നാളെയുടെ വെളിച്ചം ഊതിക്കാച്ചി
ഉള്ളിലെ വെളിച്ചത്തിലേക്ക് തിരിഞ്ഞു നോക്കി
ഒരു മൂങ്ങ അനന്തതയിലേക്ക് പറന്നകന്നൂ.....
എന്നെ തൊട്ടുണര്‍ത്താന്‍ തോറ്റുപോയ
ആത്മാവ്, കവച്ചു വെച്ച് കടന്നു പോയത്
പതച്ചാര്‍ത്തലച്ചു നിന്ന കടലിലേക്ക്..
പിന്നെയും കടല്‍ അയവിറക്കുകയാണ്
യൗവ്വനം കവര്‍ന്നെടുത്ത വാര്‍ദ്ധക്യം പോലെ.....

24 May, 2008

വസന്തത്തിന്‍റെ വിളനിലങ്ങള്‍


അതിജീവനത്തിന്‍റെ കഥകളുണ്ട്
പത്തായങ്ങള്‍ക്ക് പറയുവാനിനിയും
പത്തായപ്പുരകള്‍ക്ക് അതിലേറെയും..

ചെളിയില്‍ കിളിര്‍ത്ത കറുത്തവള്‍ക്ക്
അഴകേകി തമ്പ്രാന്‍റെ കാമകേളിയില്‍
പതിരു വിതച്ചുപോയ ശയ്യാമുറികള്‍..

വിപ്ലവ തീക്ക് വിറക് വെട്ടിയവള്‍ക്ക്
ആദര്‍ശത്തിന്‍റെ നിറചൂട് പകര്‍ന്ന്
മാസമുറകള്‍ തെറ്റിപ്പോയ ദിനരാത്രങ്ങള്‍..

ബാല്യത്തിലെ കളിപ്പുരകള്‍ പിന്നെ
ചെറു പ്രണയം തളിര്‍ത്തതറിയാതെ
കൊയ്ത്തു നെല്ലു ഒച്ച് കുത്തിയയിടവും..

സമൃദ്ധിയുടെ ശ്രുതിയുള്ള ഞാറ്റുപാട്ടുകള്‍
നൂറുമേനിയുടെ ലയമുള്ള പീതവിളകള്‍
വറുതിക്കറുതിയുടെ സുവര്‍ണ്ണക്ഷേത്രം...

മനസ്സിനും മടിശ്ശീലക്കുമിടയിലെവിടെയോ
വീണുടഞ്ഞ, നാളെയുടെ കനവുകളായ്
പാടം കാതോര്‍ത്തിരിക്കും വസന്തപ്പുരകള്‍..

13 May, 2008

ജന്മങ്ങള്‍


നിറകൊണ്ട രാവിന്‍
പടുമരത്തലപ്പിലേതോ
വാടിത്തളര്‍ന്നൊരു കരിയില
ശിഖിരങ്ങള്‍ക്കിടയിലൂടെ
പച്ചിലകളെ തലോടി
ഇത്തിക്കണ്ണിയോട് പരിതപിച്ച്
മരംകൊത്താന്‍കിളിയെ പഴിച്ച്
മണ്ണു വാര്‍ന്ന വേരോട് ചേര്‍ന്ന്
ചെറു പിടച്ചലോടെ
മരത്തോട് തേങ്ങിപ്പറഞ്ഞത്
'ഞാന്‍ നിനക്ക് വളമായിടും,
നിന്‍റെ പാദങ്ങളിലലിഞ്ഞ്
പിന്നെയുമലിഞ്ഞില്ലാതാകും'.

പിന്നെയുമൊരു നാള്‍
ദൂരെയാ അനന്തതയില്‍
ഇരുളിന്‍ പ്രതലത്തില്‍
ഒരു താരകമായ് തിളങ്ങിടും ഞാന്‍
അന്നുമെന്‍ കിരണങ്ങളാല്‍
ശിഖിരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്ന്
നിന്‍റെ പാദങ്ങളെ ചുംബിച്ച്
പുലരുവോളം നിന്‍റെ
കരവലയത്തിലമര്‍ന്ന്
ഇത്തിക്കണ്ണിയുടെ വേരോട്ടത്തെക്കുറിച്ച്
ചിതലിന്‍റെ പടവാളിനെക്കുറിച്ച്
കിളിപ്പൊത്തുകളിലെ മുറിവിനെക്കുറിച്ച്
കഥകള്‍ കേട്ട് ഞാനുറങ്ങും..

28 April, 2008

ശിഥില ചിന്തകള്‍


വാക്കുകളുടെ ബലക്കുറവ്
മനസ്സാക്ഷിക്കുത്തിന്‍റെ നോവാണ്
പുഴുക്കുത്തേറ്റ പഴുത്തിലയുടെ
തണ്ടിന്‍റെ മനോബലമാണതിന്..

വികലമായ കാഴ്ച്ചകള്‍ക്ക്
കാഴ്ച്ചപ്പാടിന്‍റെ പശിമയാണ്
കണ്ണടയുടെ ചെറുവട്ടത്തിലത്
കയ്യെത്തുംദൂരെ കാണാനാവില്ല

കേട്ടുകേള്‍വികള്‍ നൊമ്പരമല്ല
കേള്‍ക്കാതെ കേള്‍ക്കാനാകുവോളം
രോദനങ്ങള്‍ പിന്നെയുമലയും
കര്‍ണ്ണപടമുള്ള കാതുകള്‍ തേടി..

തേന്‍ മുക്കിയ വിഷക്കായകള്‍
നാവുകളെ പിന്നെയും വഞ്ചിക്കും
നാസികകള്‍ വിയര്‍ക്കാനല്ലാതെ
ശ്വസിക്കാന്‍ തോല്‍ക്കുന്നിടങ്ങളില്‍..

വേനലിന്‍ മാറുപിളര്‍ത്തി
തലനീട്ടിയ പുല്‍നാമ്പുകള്‍
തൊണ്ടകീറി കരയുകയാവണം
വൈകി വന്ന യാചകനെപ്പോലെ..

04 April, 2008

പ്രതിമകള്‍


പ്രതിമകള്‍ നടന്നു തുടങ്ങിയിരിക്കുന്നു..
ശില്‍പിയുടെ ചെറുവിരലിന്‍
നിണം നുണഞ്ഞ മാത്രയില്‍..
ഉളി പാളി പൊക്കിള്‍ തെല്ല്
തെല്ലൊന്നു പൊട്ടിയ നേരം
വിരല്‍ വായിലിട്ട് ശില്പി നിശ്ചലം..
ശില്പിയെ വ്സ്ത്രാക്ഷേപം ചെയ്ത്
നാണം മറച്ച് പ്രതിമകളും..
വിറളി പിടിപ്പിച്ച മകരക്കുളിരില്‍
നിശാഗന്ധം ഉന്മത്തരാക്കിയിരിക്കണം,
രാവിന്‍റെ കാവലാളുകള്‍ ഓരിയിട്ട്
ആരെയോ വിളിച്ചുണര്‍ത്തുന്നു..

ഇടുപ്പോട് വാല്‍ ചേര്‍ത്തുവെച്ച്
ഓടിക്കിതച്ചെത്തിയ
കൊടിച്ചിയാണതാദ്യം കണ്ടത്..
'ശില്‍പികള്‍ നഗ്നരാണ്,
ഉളികള്‍ക്ക് മൂര്‍ച്ച നഷ്ടമായതും'..
മണം പിടിച്ച്, വലം വെച്ച്
കാലുപൊക്കി കാര്യം സാധിച്ച്
ദൂരെ ഓടി മറയും മുമ്പ്
ചിറി കോട്ടി ഓര്‍ത്ത് നിന്നതിങ്ങനെ
'മനുഷ്യന്‍റെ കാര്യം ഇത്രയേ ഉള്ളൂ...,
ശിലയേക്കാള്‍ കട്ടിയുള്ള തൊലിയായിട്ടും'

21 March, 2008

മുറ്റമടിക്കുമ്പോള്‍


അവളുടെ തലയിലെഴുത്തിലെ
അക്ഷര, വ്യാകരണത്തെറ്റുകളെ
മായ്ച്ചുകളയാന്‍, മുറ്റത്തു കിളിര്‍ക്കുന്ന
മഷിത്തണ്ടവള്‍ തിരയാറില്ലെങ്കിലും
അമര്‍ത്തിയടിച്ചവള്‍
മുമ്പേ നടന്നു പോയവരുടെ
കാല്‍പ്പാടുകള്‍ മായ്ച്ച്,
മുറ്റത്ത് ചിത്രം വരയ്ക്കാറുണ്ടായിരുന്നു.

അയല്‍ക്കാരിയുടെ തലയിലെഴുത്ത് കഴിഞ്ഞ്
ദൈവം വലിച്ചെറിഞ്ഞ പൊന്‍ തൂലിക
കുനിഞ്ഞ് നിന്ന് മുറ്റമടിക്കുമ്പോള്‍
അവളൊരിക്കലും ചൂലിന്‍റെ
നഖങ്ങളില്‍ തട്ടിത്തെറിക്കുമെന്ന്
മോഹിച്ചിരുന്നില്ല

എങ്കിലും..
ഇന്നലെ കാണാതെപോയ
മുക്കുപണ്ടത്തില്‍ തീര്‍ത്ത
കമ്മലിന്‍റെ ബാക്കി പൊന്‍തരിച്ചീള്
ചൂലാല്‍ നടുമുറ്റത്തു വരച്ച
കൂന്തല്‍ ചിത്രത്തില്‍നിന്ന് കണ്ടു കിട്ടാന്‍
അവളേറെ ദാഹിച്ചിരുന്നു......

11 March, 2008

കാലം..


ഞാനിവിടെ ജീവിച്ചിരുന്നു
എന്നതിന്‍റെ ഒരേയൊരു തെളിവ്,
എന്‍റെ കല്ലറ മാത്രമാകരുത്..

എന്‍റെ വചനങ്ങളൊക്കെയും
മൌനത്തിന്‍റെ മുറിപ്പാടുകള്‍
മാത്രമായ് മാഞ്ഞുപോകരുത്..

എന്‍റെ കണ്ണുകളില്‍ പതിഞ്ഞത്
മായാക്കാഴ്ച്ച മാത്രമായിരുന്നെന്ന്,
മഷിനോട്ടക്കാര്‍ ഗണിച്ചെടുക്കരുത്..

കര്‍ണ്ണങ്ങളിലൂടെ ഞാനറിഞ്ഞിരുന്നത്
വീഥിയിലാരും കേള്‍ക്കാനില്ലാത്ത,
വെറുതെയാരോ ഉരുവിട്ടതാകരുത്..

മൌനം തനിച്ചാകുന്നിടത്തെന്‍റെ
വാക്കുകള്‍ക്ക് ശാപമോക്ഷമാകണം..
തിരശ്ശീലകള്‍ മായാക്കാഴ്ച്ചകള്‍ക്ക്
മുന്നിലുയരുംമുമ്പേ മിഴിതുറക്കണം..
ശബ്ദം കേട്ട് പിന്തിരിഞ്ഞിടത്ത്
ഞാനാകണം, ഞാനെന്ന കാലം..

02 March, 2008

യാത്രാന്ത്യം


മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..

നിന്‍റെ വിരഹാശ്രു പൊഴിഞ്ഞിടത്താണ്
കുന്നത്ത് സൂര്യനുദിച്ചിടം തേടിയ
എന്‍റെ യാത്രകള്‍ അസ്തമിച്ചിരുന്നത്..

വികൃതമല്ലാത്തൊരു മുഖം കാണിക്കാന്‍
എന്‍റെ കണ്ണാടി തോറ്റിടങ്ങളിലാണ്
കൊത്തുപണിയുള്ള കണ്ണാടി തേടിയലഞ്ഞത്..

പകലറുതികള്‍ നിറം തിരിച്ചെടുത്തിടത്താണ്
രൂപങ്ങളുടെ മറവ് പറ്റിയ
രാനിഴലുകള്‍ പെറ്റുപെരുകിയത്..

തായ് വിരല്‍ വാത്സല്യം മുറിഞ്ഞിടത്താണ്
ഇല അനങ്ങാതിരുന്നിട്ടുമെന്‍
മനം ആടിയുലയാറുണ്ടായിരുന്നത്..

ഉരുകിയൊലിച്ച മനസ്സിന്‍ ലാവയാകണം
കാലപ്പഴക്കം ചെന്നയെന്‍റെ കമ്പൊടിഞ്ഞ
മറവിയുടെ കുടയ്ക്ക് ദ്വാരമിട്ട് പോയത്..

09 February, 2008

നിഴലുകള്‍ മോഹിച്ചത്


പുലരികളില്‍ എന്നെ ഭയപ്പെടുത്തിയൊരാ
ചാര നിറമുള്ള നിഴല്‍
മദ്ധ്യാഹ്നങ്ങളിലെന്‍റെ കാല്‍ക്കീഴിലൊളിച്ചു..

ചെമ്മാനം രാവിനു വഴിയൊഴിയും മുമ്പെ
പാദങ്ങളില്‍ നിന്നൂര്‍ന്ന്
നിഴലുകള്‍ കിഴക്കോളം വളര്‍ന്നലിഞ്ഞൂ....

മണ്ണെണ്ണ വിളക്കിന്‍റെ ഇത്തിരിവെട്ടത്തില്‍
കറുപ്പിന്‍ മൂടുപടമിട്ട
നിഴലുകളെ ഭയന്ന് പുതപ്പിലൊളിച്ചതും...

ബാല്യത്തില്‍ നിന്‍റെ ഇണക്കവും പിണക്കവും
പിന്നെ നിന്നെ ജയിക്കാന്‍
പാടവരമ്പിലൂടെ ഓടിത്തോറ്റതും ഇന്നലെയോ..

നിഴലുകള്‍ വിളയാത്ത ഗന്ധകഭൂമിയില്‍
പാറിപ്പറന്നതും നിന്നെ മറന്നതും
എനിക്കെന്നെ നഷ്ടമായ മണല്‍ക്കാറ്റിലായിരുന്നു

മൊഴിയാതെ വിഴുങ്ങിയ വാക്കിന്‍ മടുപ്പില്‍
മെല്ലെ പറയാതെ പറഞ്ഞ്
ഉത്സവംതുടിക്കും മനസ്സോടെ ഞാനും എന്‍റെ നിഴലും.

03 February, 2008

മരണമണി
സമയത്തെ കൊന്നും കൊലവിളിച്ചും
നിമിഷസൂചി ചാരെ വന്നണയും മുമ്പേ
ഒന്നിനും രണ്ടിനുമിടയിലെവിടെയോ
കൃത്യതയുടെ യാത്രക്കു വിരാമമിട്ട്
ഘടികാരത്തിലെ മണിക്കൂര്‍ സൂചി....

പകലിനു കരിമ്പടമിട്ട് ഇരുള്‍പരക്കാന്‍
നേരമായെന്നോതിയീ ഘടികാര മഹിമ,
പിന്നെ പുലരിയുടെ തണുപ്പകലും മുമ്പേ
മൂടുപടം വകഞ്ഞെടുത്ത് പൂക്കണികാണാന്‍
സൂര്യനു സമയം വിധിച്ചതുമീ സൂചികയോ

ഇരുട്ടിനു ഭാരമേറവെ നിന്‍റെ നിശ്വാസങ്ങള്‍
സമയരഥങ്ങളില്‍ ആരെയൊ തേടിയലഞ്ഞതും
ആര്‍ത്തനാദങ്ങളുടെ ആവര്‍ത്തനങ്ങളായ്
അടുത്തു വന്ന കാലന്‍റെ മെതിയടിശബ്ദം
കേട്ടു ഞെട്ടിയുണര്‍ന്നതുമേതോ അസമയത്തും

സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്‍
ജനന മരണക്കണക്കുകള്‍ കുറിച്ചെടുത്ത്
കാലത്തോടൊത്ത് നടന്നും കിതച്ചിരുന്നും
പന്ത്രണ്ടിലെത്തി കെട്ടിപ്പിടിച്ചു മരിക്കാന്‍
ഓടിയെത്തും മുമ്പേ മരണമണിയുടെ സമയം
..

09 January, 2008

വാതിലുകള്‍


കീറിയ പാവാടക്കാരി,
വാതില്‍പ്പഴുതിലൂടെ ഇഴുകിയൂറിയൊരു
വെള്ളിനൂല്‍ വെളിച്ചം ആഴ്ന്നിറങ്ങവെ
ഇരുട്ട് തളംകെട്ടിയ അകത്തളക്കോണില്‍
കമ്മല്‍ദ്വാരം അടഞ്ഞ കാതില്‍ തലോടി
വരണ്ട കണ്ണുള്ള കീറിയപ്പാവടക്കാരി..

കന്നാലിച്ചെക്കന്‍,
കൊട്ടിയടച്ച വാതില്‍പ്പടിക്കരികെ തേങ്ങിയ
വേനല്‍ മഴത്തുള്ളിപോലെ വറ്റിയ കണ്ണില്‍-
നിന്നിറ്റുവീണ ഒരു തേന്‍തുള്ളിയെ പഴിച്ച്
അകത്തെ കനത്ത ഇരുട്ടിനെ ശപിച്ച് മൂകം
പുറത്തെ വെളിച്ചം പ്രാപിച്ച കന്നാലിച്ചെക്കന്‍

തെരുവ് ഭാര്യ,
തുറന്നും അടച്ചും വാതില്‍ മറഞ്ഞും
പുറത്തെ വെളിച്ചംമാഞ്ഞു തീര്‍ന്ന്
ഇരുട്ട് പരക്കാന്‍ കാത്തിരുന്നവരേയും
നേരിന്‍റെ നെറിവിന്‍റെ ഉടമകളേയും തേടി,
തെരുവ് ഭാര്യയുടെ കാത്തിരിപ്പും..

പ്രിയ സഖി,
പാതിചാരിയ വാതിലിന്‍ അങ്ങേതലയ്ക്കല്‍
സ്വപ്നം കണ്ടും കെട്ടുപിണഞ്ഞ മോഹങ്ങള്‍
കുരുക്കഴിച്ചും ഇരുളുംവെളിച്ചവും മാറിമാറി
ദിനരാത്രങ്ങളെ തല്ലിയുടച്ച് വീണ്ടും വിളക്കി
കെട്ടിയ മിന്നിന്‍റെ ബലാബലത്തിലെന്‍ സഖി..