18 November, 2009

ഉറങ്ങാത്തൊരു വാള്‍ത്തലപ്പ്

ഓര്‍മ്മിക്കല്‍
ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്..
അവസാന പച്ചപ്പും നുള്ളിയെടുത്ത്
ഹൃദയധമനിയോരത്തെ കണ്ടലുകളില്‍
രാസലായനി കോരിയൊഴിക്കപ്പെടുമ്പോള്‍
തന്നെക്കുറിച്ചോര്‍മ്മിക്കല്‍..

ഓര്‍മ്മ
ഒരെതിര്‍ സത്യവാങ്മൂലമാണ്..
മറവിയുടെ ജനാധിപത്യത്തില്‍
മൌനം ശീലിച്ച സര്‍വ്വേക്കല്ലുകള്‍
വിസ്ഫോടനങ്ങളോട്, നെഞ്ച്‌വിരിച്ച്
ചാരപ്പുതപ്പഴിച്ചുമാറ്റി, കനലായ്
എന്നെയുണര്‍ത്തല്‍..

ഓര്‍മ്മിക്കപ്പെടല്‍
തിരിച്ചറിവിന്‍റെ താമ്രപത്രമാണ്..
ഇടപെടലുകളുടെ ബലാല്‍ക്കാരങ്ങളില്‍
നഷ്ടമായ ചാരിത്രമോര്‍ത്തൊരു ഭൂപടം
വ്രണിതഹൃദയവുമായ് അലയില്ലായിരുന്നെന്ന്
ഒരോര്‍മ്മപ്പെടല്‍...

തിരിച്ചറിവിന്‍റെ നേരുതിരയാന്‍
മറവിയുടെ നെഞ്ചുപിളര്‍ത്താന്‍
ഞരമ്പുകളില്‍ നിണം തന്നെയെന്നറിയാന്‍
എന്നേക്കുറിച്ചാണാദ്യം ഓര്‍മ്മകളുണ്ടാവേണ്ടത്..

12 September, 2009

ഉറക്കം കെടുത്തുന്നത്...

എന്‍റെ കണ്‍കോണിലെ
നിന്‍റെയോരോ പീളകെട്ടിയ കാത്തിരിപ്പും
ഓരോ ശ്രമങ്ങളായിരുന്നെന്ന്
ഞാനെന്തേ അറിയാതെപോയീ

ഉണര്‍വ്വിന്‍റെ ഓരോ പുലരിയും
രാക്കറുപ്പിന്‍ തോല്‍വിയായും
പകല്‍തിളക്കത്തിന്‍ വിജയമായും
എന്‍റെ ധാരണകളില്‍ കൊറിയിട്ടതെന്തേ

രാവിന്‍റെ മറവുകളില്‍
തളര്‍ച്ചയുടെ ശയനങ്ങളില്‍,
പാതിവഴിയില്‍ മടങ്ങാന്‍ ഹേതു
കണ്ടുതീരാത്തയെന്‍റെ സ്വപ്നങ്ങളായിരുന്നോ

ചെറിയ ചെറിയ മയക്കങ്ങള്‍
കൂട്ടിക്കെട്ടിയൊടുവില്‍
മരണത്തിനു കൂട്ടിരുന്നയെന്‍റെ
ഉറക്കമേ ഞാനറിയുന്നുവിന്ന്
തണുത്തുറഞ്ഞയീ നിശ്ചലത,
കാത്തിരിപ്പിന്‍റെയൊരു ദീര്‍ഘായുസ്സ്..

25 August, 2009

പിന്‍ഗാമി..

എന്‍റെ നാട്ടുഭാഷയില്‍
കവിത പടര്‍ത്തിയവനേ..
നിന്‍റെയാന്തരാവയവങ്ങള്‍
വേര്‍പ്പെടുത്തി ഞാന്‍ തിരയും
കവനം ചെയ്ത മഷിച്ചെപ്പ്
ദൂരെയെറിഞ്ഞുടയ്ക്കും..
ചോരയൊളിപ്പിച്ച കത്തി
നിന്‍റെ ചങ്ക് മുത്തിമണക്കും
സത്യം, ഞാന്‍ പിന്‍ഗാമി...

മുല്ലപ്പൂവിന്‍റെ നറുമണം
വേരോടറുത്തെടുക്കാന്‍
തണ്ടിലും പിന്നെ വേരിലും
തേടിത്തോറ്റൊടുവില്‍
മണ്ണോടലിഞ്ഞവന്‍റെ
നേര്‍ പിന്‍ഗാമി..

ഒരു തരി കെട്ടുപൊന്നില്‍
ജീവശാസ്ത്രമൊളിപ്പിച്ച്
കൊടുങ്കാറ്റിന്‍ മനം പിടിച്ചുലച്ച്
നേരം വെളുപ്പിക്കുന്നവളുടെ
മനസ്സിന്‍ ജീന്‍ തേടിത്തോറ്റ
ശാസ്ത്രത്തിന്‍റെ പിന്‍ഗാമി..

മണലാരണ്യങ്ങളിലെവിടെയോ
അടക്കം ചെയ്ത പിതാമഹന്‍റെ
സ്വപ്നങ്ങളുടെ അസ്ഥികൂടം
തേടിയലഞ്ഞൊടുവില്‍
കള്ളിമുള്‍ച്ചെടിയോട് വിലപിച്ച്
പ്രവാസത്തിന്‍റെ കനത്ത ഭാരം
മുഖം നഷ്ടപ്പെടുത്തിയവന്‍
വിരൂപന്‍റെ പിന്‍ഗാമി...

01 August, 2009

തിണ്ണബലം


പീടികത്തിണ്ണ
പൊട്ടക്കിണറാണെന്ന്
ചങ്ങാതിയെന്നും പറയുമായിരുന്നു.
ആര്‍ക്കുമതു തള്ളാം,
ഒരു ചിരിച്ചു തള്ളല്‍, ചിരിക്കാതേയും.
ചര്‍ച്ചകളുടെ ആഴവും പരപ്പും
പിന്നെ എണ്ണവും
ആരുടെ തിണ്ണമിടുക്കും
തകര്‍ത്തെറിയും.
പീടികക്കാരന്‍ കാദര്‍ക്ക,
കൂലിപ്പണിക്കാരന്‍ ശങ്കുരു
ചെത്തുകാരന്‍ ശശിച്ചേട്ടന്‍
ഒരു ഗ്രാമത്തെ വലിച്ചു പിടിച്ചവര്‍.
ചെത്തുകാരന്‍റെ ഉയര്‍ന്ന ചിന്ത,
കൂലിപ്പണിയുടെ തീക്ഷ്ണത,
വ്യാപാരത്തിന്‍റെ തിട്ടൂരം
ചന്ദ്ര ദൌത്യത്തിലെ ന്യൂനത
നന്ദിനിപ്പശുവിന്‍റെ മൂന്നാം പേര്‍
ഇവക്കിടക്ക് വട്ടത്തിലും നീളത്തിലും
അതിനു മേലെയും താഴെയും.
തിണ്ണയൊരു നീതിപീഠമാകാറുണ്ട്,
ഇടക്കെപ്പെഴോ കച്ചേരിയും
മീനാക്ഷിയുടെ അടുക്കളയോളം
ഇടക്കത് തികട്ടിയെത്താറുണ്ട്.
മുറിക്കിച്ചുവപ്പിച്ച ചുണ്ടും
കാളിമയിട്ട പല്ലുമായ്
കൂലിപ്പണിക്കാരി ലീല,
സ്ത്രീ സംവരണമേതുമില്ലാതെ
ഇടവേളകളെ കൂട്ടി വിളക്കുമ്പോള്‍
ദ്വയാര്‍ത്ഥങ്ങളും നീല സാഗര മിഴികളും
തിണ്ണയില്‍ തലപൊക്കുന്ന
ഗ്രഹണാനന്തര ഞാഞ്ഞൂലുകളാണ്.
നാട് വിടും വരെ നാട്ടുകാര്‍ക്കെല്ലാം
തിണ്ണ സര്‍വ്വകലാശാലയാണ്.
നാട്‌വിട്ട് ലോകം കണ്ട് പകച്ച
തിണ്ണയുടെ പുത്രന്‍
ന്യായവിധികള്‍ എണ്ണിക്കൂട്ടുകയാണ്
തവളയെപ്പിടിച്ച്
എണ്ണം വെച്ചപോലെ..

25 July, 2009

സാന്ദ്രത കൂടിയത്


നെടുവീര്‍പ്പുകള്‍ ബാഷ്പീകരിക്കപ്പെട്ട്
പ്രളയമുരുക്കി തുള്ളിമെനഞ്ഞ്
രാസമാറ്റങ്ങള്‍ക്കൊടുവില്‍
ഇടിമുഴക്കമായും മഴയായും
പണ്ടേ പെയ്തിറങ്ങിയിരുന്നു..

ഒന്നിലൊന്നു കോര്‍ത്തെടുത്ത
മഴക്കുഞ്ഞുങ്ങളോരോന്നും
മണത്തെടുത്ത് പെറുക്കികൂട്ടാനും
ഒരിടിമുഴക്കത്തില്‍ വിറകൊള്ളാനും
കൊമ്പുകളെന്നേ പഠിച്ചിരുന്നു..

ഇലത്തുമ്പിലോരോ തുള്ളി കോര്‍ത്ത്
കണ്ണുനീരോട് മാറ്റുരച്ച്
ഒഴുകാനിടം നല്‍കുവാനും
കാത്തിരിപ്പിന്‍റെ മാപിനിയില്‍
അളന്നെടുക്കാനും അറിഞ്ഞിരുന്നു..

ഒരിടിവെട്ടില്‍ തലകരിഞ്ഞവൃക്ഷം
നനഞ്ഞൊലിച്ച് കൊതിതീരാതെ
മരപ്പെയ്ത്തായ് അയവിറക്കിയത്
ഊറിക്കൂടിയ വിരഹത്തുടിപ്പുകള്‍
അറിയാതെ തുടിച്ച് പോയതാകാം.

വെള്ളിടി ചാപ്പകുത്തിപ്പോയിട്ടും
പിടഞ്ഞുവീണ വേഴാമ്പലിന്‍റെ
മുറിവേറ്റു വീണ നെടുവീര്‍പ്പുകള്‍ക്ക്
വേരുകളില്‍ ഞെരിഞ്ഞമര്‍ന്ന
ഗദ്ഗദങ്ങളേക്കാള്‍ കൂടിയ സാന്ദ്രത...

18 May, 2009

ജലം


അറുത്തെടുത്ത ജലം
രൂപപ്പെടുത്തി വികൃതമാക്കി.,
ഒലിച്ചിറങ്ങിയ കണ്ണുനീര്‍
നിറംകെടുത്തി വര്‍ണ്ണമാക്കി.,
പുത്രനും കാമിച്ചു പോകും
സര്‍വ്വ-വശ്യ പുടവയും ചാര്‍ത്തിച്ചു..


തോടും കൊച്ചരുവിയും
പിന്നെയെന്‍റെ കുളവും
പായലും വള്ളിപ്പടര്‍പ്പും
കെട്ടുപോയ അടിവേരും
കരിഞ്ഞ നെല്ലിമരത്തലപ്പും
വിണ്ടുകീറിപ്പറഞ്ഞത്
'മട'കളുടെ വരവിനെക്കുറിച്ചായിരുന്നു..
കാര്‍മേഘക്കുടക്കു താഴെ
മയിലമ്മ കൊതിച്ച സ്വപ്നങ്ങളായിരുന്നു..


പ്ലാച്ചി'മട'യുടെ കോലായില്‍
വാ തുറന്നിരിപ്പുണ്ട്
ഒരൊഴിഞ്ഞ മണ്‍കുടം.,
ഒരു ശീതക്കാറ്റിന്‍ കാതോര്‍ത്ത്,
ഒരു കൈകുമ്പിള്‍ നനവ് കാത്ത്..
ഒന്നു തുളുമ്പാന്‍,
ചുളിഞ്ഞ കവിളിലെ
വരള്‍ച്ചയില്‍ വീണുടയാന്‍..

02 March, 2009

ഓര്‍മ്മകളുടെ കലാപം


ഓര്‍മ്മകള്‍ കലാപം നടത്തിയത്
മറവികളോട് മാത്രമായിരുന്നില്ല,
മറവികള്‍ക്ക് ഈടായി നിന്ന
നിസ്സഹായതോടുമായിരുന്നു..

കരിങ്കല്‍ ചീളുകള്‍ക്ക്
ചിറക് മുളക്കാന്‍ തുടങ്ങിയത്
ദൂരമേറെ പോകാനുണ്ടെന്നറിഞ്ഞ
കണ്ണുനീരിന്‍ ഉപ്പുകാറ്റേറ്റായിരുന്നു..

തോല്‍വിയുടെ ആണ്ടുദിനങ്ങള്‍
ഓര്‍ത്തെടുത്ത് തീക്കനല്‍ കൂട്ടിയത്
പുലരിത്തണുപ്പിന്‍ വാള്‍ത്തലപ്പോട്
കൈചൂണ്ടി നോവ് പറയാനുമായിരുന്നു..

മറവിയുടെ പുകകവചമണിഞ്ഞൊരു
ജന്മം ഇനി ഞാന്‍ ദൂരെയെറിയട്ടെ,
ഓര്‍മ്മയുടെ തിരിനാളമായ്
നിമിഷാര്‍ദ്ധമെങ്കിലും കത്തിയമരട്ടെ...